കുവൈത്ത് സിറ്റി – ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ബോംബ് ഭീഷണിയെ കുറിച്ച റിപ്പോര്‍ട്ട് ലഭിച്ചയുടനെ, ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും പൂര്‍ണ സഹകരണത്തോടെ സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും സജീവമാക്കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ യാത്രക്കാരെയും പരിക്കുകളോ കേടുപാടുകളോ ഇല്ലാതെ വിമാനത്തില്‍ നിന്ന് ഇറക്കി അംഗീകൃത എമര്‍ജന്‍സി പദ്ധതികള്‍ക്കനുസൃതമായി സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തു. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ മുഴുവന്‍ യാത്രക്കാരെയും പ്രത്യേക ലോഞ്ചിലേക്ക് മാറ്റിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍റാജ്ഹി വ്യക്തമാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയും വിമാനത്താവളത്തിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സഹകരിച്ച് മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകളെ സംഭവം ബാധിച്ചിട്ടില്ല. സാധ്യതയുള്ള ഭീഷണികളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാന്‍ വിമാനം പൂര്‍ണമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ബോംബ് ഭീഷണി റിപ്പോര്‍ട്ട് നല്കിയ വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്.
സുരക്ഷാ വകുകളുമായി ഏകോപിച്ച്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമ, വ്യവസ്ഥകള്‍ക്കനുസൃതമായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണം പ്രശംസനീയമാണ്. രാജ്യത്ത് വ്യോമയാന നാവിഗേഷന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കാനുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പൂര്‍ണ പ്രതിബദ്ധത അബ്ദുല്ല അല്‍റാജ്ഹി പ്രസ്താവനയില്‍ വ്യക്തമാക്കി.