കുവൈത്ത് സിറ്റി– ഇന്ത്യയും കുവൈത്തും തമ്മില്‍ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച വ്യോമയാന കരാര്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും. പുതിയ കരാറിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുമെന്നാണ് സൂചന. കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇന്ത്യ-കുവൈത്ത് രാജ്യങ്ങളിലുള്ള ആകാശ ഗതാഗതത്തിനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ തയാറെടുക്കുകയാണ്.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ പ്രമുഖ കമ്പനികളും 2025 ആഗസ്ത് മുതല്‍ പുതുതായി സര്‍വീസുകള്‍ ആരംഭിക്കാനും നിലവിലുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ്. ആവശ്യമായ സമയങ്ങളില്‍ വിമാന സർവീസുകൾക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതിനായി ഓരോ കമ്പനികളുടെയും പ്രതിനിധികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള അധികാരികളുമായി സജീവ ചര്‍ച്ചയിലാണ്.
സേവന നിര്‍ദേശങ്ങള്‍ ജൂലൈ 21നകം സമര്‍പ്പിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 16ന് ഒപ്പുവെച്ച കരാര്‍ പ്രകാരം കുവൈത്ത്- ഇന്ത്യ സീറ്റ് ക്വാട്ട 12,000ല്‍ നിന്ന് 18000 ആയി ഉയര്‍ത്തിയിട്ടുണ്ട്. 18 വര്‍ഷം മുന്‍പാണ് ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സ്വീറ്റ് ക്വാട്ട അവസാനമായി വര്‍ധിപ്പിച്ചത്.