കുവൈത്ത് സിറ്റി– ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്ന നിരോധനം തെറ്റിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ട് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി(പിഎഎം). മെയ് 31 മുതല്‍ ഓഗസ്റ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയ മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൂണില്‍ നടത്തിയ പരിശോധന വിവരങ്ങളാണ് പുറത്തുവിട്ടത്. കുവൈത്തിലുടനീളം 60 തൊഴിലിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 30 കമ്പനികള്‍ നിയമലംഘനം നടത്തിയതായും 33 തൊഴിലാളികള്‍ ജോലി ചെയ്യുന്നതായും കണ്ടെത്തി. ഇതേ കമ്പനികളില്‍ തന്നെ നടത്തിയ തുടര്‍ പരിശോധനയില്‍ നിയമലംഘനം ആവര്‍ത്തിക്കുന്ന് കണ്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയമലംഘനം സംശയിച്ച് പൊതുജനങ്ങളില്‍ നിന്ന് 12 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതില്‍ സാമൂഹിക സഹകരണത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചതായും അതോറിറ്റി പറഞ്ഞു. ഉച്ച സമയത്തെ നിരോധന ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൗരന്മാരോടും താമസക്കാരോടും പിഎഎം അതോറിറ്റി അഭ്യര്‍ത്ഥിച്ചു. നിയമലംഘനം അറിയിക്കേണ്ട പ്രത്യേക വാട്‌സാപ്പ് നമ്പര്‍: 61922493.