കുവൈത്ത് സിറ്റി – കുവൈത്ത് സായുധ സേനയെ പരിഹസിക്കുകയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്ന പ്രസ്താവനകളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും ദേശീയ കടമ നിര്‍വഹിക്കുന്നതില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശ്രമങ്ങളെ കുറച്ചുകാണിക്കാന്‍ ശ്രമിച്ചതിനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇത്തരം പെരുമാറ്റങ്ങള്‍ അസ്വീകാര്യമാണ്. ഇത് സൈന്യത്തിന്റെ അന്തസ്സിനെ ദുര്‍ബലപ്പെടുത്തുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികളെ ചോദ്യം ചെയ്യുകയും അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്തു. സൈന്യത്തെ അപകീര്‍ത്തിപ്പെടുന്ന ഉള്ളടക്കം ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതായി അവര്‍ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ഉചിതമായ വകുപ്പുകള്‍ക്ക് റഫര്‍ ചെയ്യുന്നതിന് ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ ആരംഭിച്ചു.
സമാനമായ മറ്റൊരു സംഭവത്തില്‍, കുവൈത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗിക്കുകയും അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്ത മറ്റൊരാളെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഭീകരവാദ സംഘടനകളുടെ നേതാക്കളുടെ ചിത്രങ്ങള്‍ പ്രതി തന്റെ അക്കൗണ്ടിന്റെ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും, സൈനിക സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതോ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ദോഷം വരുത്തുന്നതോ ആയ ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു. രാജ്യവും മേഖലയും അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവരും അവരുടെ ദേശീയ ഉത്തരവാദിത്തങ്ങള്‍ വഹിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. നിയമം ലംഘിക്കുന്ന ഏതൊരാള്‍ക്കും എതിരെ കര്‍ശനമായി നിയമം ബാധകമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



