കുവൈത്ത് സിറ്റി – സോഷ്യൽ മീഡിയയിലൂടെയും മറ്റും തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വിഭാഗീയത വളർത്തുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതും ദേശീയ ഐക്യത്തെ തകർക്കുന്നതുമായ വിവരങ്ങൾ പങ്കുവെച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. രാജ്യത്തെ അസാധാരണ സാഹചര്യങ്ങൾക്കിടയിൽ ഇത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും സായുധ സേനയുടെ പ്രതിരോധ പ്രവർത്തനങ്ങളെയും രാജ്യസുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അറ്റോർണി ജനറൽ സഅദ് അൽസഫ്രാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളാണ് പ്രതികളെ ചോദ്യം ചെയ്തതും തുടർനടപടികൾ സ്വീകരിച്ചതും. തെളിവുകൾ പരിശോധിച്ച ശേഷം വിചാരണ പൂർത്തിയാകുന്നത് വരെ ഇവരെ കസ്റ്റഡിയിൽ വിടാൻ തീരുമാനിച്ചു. പൊതുസമാധാനവും നിയമവാഴ്ചയും ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ദേശീയ നിശ്ചയദാർഢ്യത്തെ ദുർബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയ അധികൃതർ, രാജ്യത്തിന്റെ സുരക്ഷയ്ക്കായി എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും ആഹ്വാനം ചെയ്തു.



