കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിലക്ക് നിയമം ഭേദഗതി ചെയ്യുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമത്തിൽ സർക്കാർ കമ്മിറ്റി സമർപ്പിച്ച ഭേദഗതികളുടെ കരട്, മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നിർദേശിക്കുന്നു.
രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയാനാണ് ശിക്ഷ വർധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫിന് പബ്ലിക് പ്രോസിക്യൂഷൻ അറ്റോർണി ജനറൽ മുഹമ്മദ് റാശിദ് അൽദുഅയ്ജ് സമർപ്പിച്ച കരട് ഭേദഗതികൾ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരാൾക്കും വധശിക്ഷ വ്യവസ്ഥ ചെയ്യുന്നു. നിലവിലെ നിയത്തിൽ ഇത്തരക്കാർക്ക് ഏഴു വർഷത്തെ തടവാണ് വ്യവസ്ഥ ചെയ്യുന്നത്.
ജയിലിനുള്ളിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നവർക്കും മയക്കുമരുന്ന് ജയിലിലേക്ക് എത്തിക്കുന്നവർക്കും വധശിക്ഷ നൽകണമെന്ന് കരടു നിയമ ഭേദഗതി അനുശാസിക്കുന്നു. മയക്കുമരുന്ന് വ്യാപാരികൾക്ക് ഇരുപതു ലക്ഷം കുവൈത്തി ദീനാർ (65 ലക്ഷം ഡോളർ) വരെ പിഴയും ചുമത്താനും കരടു ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. മയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ കച്ചവടം ചെയ്യുന്നതിന് തന്റെ പദവി ദുരുപയോഗം ചെയ്യുന്ന ഏതൊരു സർക്കാർ ജീവനക്കാരനും വധശിക്ഷ നൽകാനും നിർദിഷ്ട കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.
ഉപഭോഗത്തിനായി മറ്റൊരാൾക്ക് മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ എത്തിച്ചു നൽകുന്നതിന് പകരമായി ഒരു സേവനമോ ആനുകൂല്യമോ അഭ്യർത്ഥിക്കുന്ന ഏതൊരാൾക്കും വധശിക്ഷ നൽകാനും ഭേദഗതികൾ വ്യവസ്ഥ ചെയ്യുന്നു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന്, എല്ലാ റാങ്കുകളിലും പെട്ട മുഴുവൻ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരെയും സ്‌കൂൾ, കോളേജ്, യൂനിവേഴ്‌സിറ്റി വിദ്യാർഥികളെയും ക്രമരഹിതമായി (റാൻഡം) പരിശോധിക്കണമെന്ന് കരടു നിയമം ആവശ്യപ്പെടുന്നു. വിവാഹിതരാകാൻ പോകുന്നവർ, ഡ്രൈവിംഗ്, ആയുധ ലൈസൻസുകൾക്ക് അപേക്ഷിക്കുന്നവർ, സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്നവർ എന്നിവരെയും മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കണം.
അറിയാത്ത നിലക്ക് മറ്റുള്ളവർക്ക് മയക്കുമരുന്ന് നൽകുന്നവർക്കും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിക്കുന്നവർക്കും 15 വർഷം തടവ്, മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം ഇരിക്കുന്നവർക്ക് മൂന്നു വർഷം തടവ്, മെഡിക്കൽ ന്യായീകരണമില്ലാതെ സൈക്കോട്രോപിക് വസ്തുക്കൾ വിതരണം ചെയ്യുന്ന ഡോക്ടർക്ക് മൂന്നു വർഷം തടവ്, സൈക്കോട്രോപിക് വസ്തുക്കൾ സൂക്ഷിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്ന ഫാർമസികൾക്ക് ഒരു ലക്ഷം കുവൈത്തി ദീനാർ (3,26,000 ഡോളർ) വരെ പിഴ, അഞ്ച് വർഷം വരെ അടച്ചുപൂട്ടൽ എന്നിവയും കരട് നിയമം അനുശാസിക്കുന്നു.
മയക്കുമരുന്ന് ഉപയോഗം സംശയിക്കുന്ന കേസുകളിൽ ഉടനടി അറസ്റ്റ് ചെയ്യാനുള്ള അവകാശം പോലീസിന് കരട് നിയമം നൽകുന്നു. മയക്കുമരുന്ന് പരിശോധനക്ക് വിധേയമാകാൻ വിസമ്മതിക്കുന്ന ഏതൊരു സംശയിക്കപ്പെടുന്ന വ്യക്തിക്കും നാലു വർഷം തടവ് ശിക്ഷയും നിയമം നിർദേശിക്കുന്നു. മയക്കുമരുന്നുകളുടെയോ സൈക്കോട്രോപിക് വസ്തുക്കളുടെയോ ഉപയോഗത്തിന് ആഹ്വാനം ചെയ്യുന്ന വസ്ത്രം ധരിക്കുന്നതിനും പ്രസിദ്ധീകരണങ്ങൾ കൈവശം വെക്കുന്നതിനും ഭീമമായ തുക പിഴ ചുമത്താനും കരടു നിയമം അനുശാസിക്കുന്നു.