കുവൈത്ത് സിറ്റി – ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസകള്‍ അടക്കം എല്ലാ തരം വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെയും വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടതിന്റെയും പശ്ചാത്തലത്തിലാണ് വിസകള്‍ വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ ഉസ്മാന്‍ അല്‍ഗരീബ് പറഞ്ഞു. സന്ദര്‍ശകരും സ്‌പോണ്‍സര്‍മാരും നിയമ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് തടയാനുള്ള മാനുഷിക പരിഗണനകള്‍ കൂടി തീരുമാനത്തിന് പ്രേരകമാണ്. എല്ലാ തരം വിസകളും ഒരു മാസത്തേക്ക് കൂടി ഓട്ടോമാറ്റിക് ആയി പുതുക്കും. ഇതിന് റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കേണ്ടതില്ലെന്നും കേണല്‍ ഉസ്മാന്‍ അല്‍ഗരീബ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



