കുവൈത്ത് സിറ്റി– രാജ്യത്തേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്ക് തടയുന്നതിനായുള്ള നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിൽ വൻ മയക്കുമരുന്ന് വേട്ടയുമായി കുവൈത്ത് കസ്റ്റംസ് ഡിപാർട്മെന്റ്.
അമേരിക്കയിൽ നിന്നും അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി എത്തിയ ചരക്കിൽ പന്തികേട് തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് വകുപ്പ് പെട്ടി തുറന്ന് പരിശോധനക്ക് തുനിയന്നത്. അകത്ത് അലങ്കാര വസ്തു എന്ന് തോന്നിക്കുന്ന രൂപത്തിൽ ആയിരുന്നു ചരക്ക് എത്തിയത്. വിശദമായ പരിശോധനക്കൊടുവിലാണ് പെട്ടിക്കുള്ളിൽ മറച്ച് വെച്ച മറ്റൊരു അറയിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ 47 കിലോ കഞ്ചാവ് കണ്ടെത്തുന്നത്.
തുടർന്ന്, ഉദ്യോഗസ്ഥർ ഉയർന്ന അധികാരികൾക്ക് വിവരമറിയിക്കുകയും അനുയോജ്യമായ നടപടി ക്രമങ്ങളിലേക്ക് കടക്കുകയും ചെയ്തു. രാജ്യത്തേക്ക് കടന്ന് വരുന്ന മയക്കുമരുന്ന് പിടികൂടാൻ തങ്ങൾ ജാഗരൂകരാണെന്നും, ഇനിയും ഇത്തരം മയക്കുമരുന്നുകൾ പിടികൂടാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കസ്റ്റംസ് വകുപ്പിന്റെ ഉയർന്ന അധികാരികൾ അറിയിച്ചു.