കുവൈത്ത് സിറ്റി– ഗാസയിലെ രൂക്ഷമായ ഭക്ഷ്യക്ഷാമവും ദുരിതവും നേരിടാൻ കുവൈത്ത് തുടർച്ചയായി സഹായം എത്തിക്കുന്നു. 10 ടൺ അവശ്യ ഭക്ഷ്യവസ്തുക്കളുമായി ഏഴാമത് ദുരിതാശ്വാസ വിമാനം ജോർദാനിലെ മാർക്ക മിലിട്ടറി വിമാനത്താവളത്തിലേക്ക് അയച്ചു. റോഡ് മാർഗം ഈ സഹായം ഗാസയിലെത്തും.
‘ഫാസ ഫോർ ഗാസ’ കാമ്പയിനിന്റെ ഭാഗമായി, ഒരു മാസത്തിനിടെ ഈജിപ്തിലേക്ക് മൂന്നും ജോർദാനിലേക്ക് മൂന്നും വിമാനങ്ങൾ വഴി 90 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്ത് എത്തിച്ചിരുന്നു. ഇതോടെ, മൊത്തം 100 ടൺ ഭക്ഷ്യസാധനങ്ങൾ ഗാസയ്ക്ക് നൽകി.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്), സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ‘കുവൈത്ത് നിന്റെ പക്ഷത്താണ്’ എന്ന മാനുഷിക കാമ്പയിനിന്റെ ഭാഗമായി സഹായം ഏകോപിപ്പിക്കുന്നു. “നേതൃത്വത്തിന്റെ നിർദേശപ്രകാരം ഗാസയിലെ അടിയന്തര ആവശ്യങ്ങൾക്കായി തുടർസഹായം എത്തിക്കുന്നു,” കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ-മഖാമീസ് പറഞ്ഞു.
ജോർദനിലെ കുവൈത്ത് എംബസി, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുമായി ചേർന്ന് സഹായ വിതരണം കാര്യക്ഷമമാക്കുന്നു.