കുവൈത്ത് സിറ്റി – മയക്കുമരുന്ന് കടത്ത് കേസില്‍ കുറ്റക്കാരായ നാലു ഇറാനികള്‍ക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു. മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് കര്‍ക്കശ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തില്‍വന്ന് രണ്ടു ദിവസത്തിനു ശേഷാണ് ഇറാനികളുടെ കേസില്‍ അപ്പീല്‍ കോടതി വിധി വന്നത്. സമുദ്ര മാര്‍ഗം 322 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാലംഗ സംഘത്തെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ നേരത്തെ അറസ്റ്റ് ചെയ്തത്.
കുവൈത്തിന്റെ പ്രാദേശിക ജലാതിര്‍ത്തിയില്‍ വൻതോതിൽ മയക്കുമരുന്ന് കടത്താൻ നീക്കം നടക്കുന്നുണ്ടെന്ന രഹസ്യവിവരം കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വകുപ്പുകള്‍ക്ക് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നിരീക്ഷണം ശക്തമാക്കി. ഇറാനില്‍ നിന്ന് കുവൈത്ത് ജലാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ റഡാര്‍ സംവിധാനം മയക്കുമരുന്ന് കടത്തുകാരുടെ പായ്ക്കപ്പല്‍ കണ്ടെത്തി. ഈ പായ്ക്കപ്പലിനെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന സ്പീഡ് ബോട്ടും സുരക്ഷാ സൈനികരുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനായി കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ്, സമുദ്ര സുരക്ഷാ പട്രോളിംഗ്, ആന്റി-നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സുരക്ഷാ സേന രൂപീകരിച്ചു. മയക്കുമരുന്ന് കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നതിനിടെ പ്രതികളെ അധികൃതര്‍ കൈയോടെ പിടികൂടി. പ്രതികളുടെ കൈവശം 322 കിലോഗ്രാം ഹഷീഷ് അടങ്ങിയ എട്ട് ബാഗുകള്‍ സുരക്ഷാ സൈനികര്‍ കണ്ടെത്തി.



