ജിദ്ദ – മരുഭൂകാലാവസ്ഥയിലും മത്സ്യകൃഷി മേഖലയില്‍ മറ്റു രാജ്യങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിൽ നേട്ടങ്ങൾ കൈവരിച്ച് സൗദി അറേബ്യ. സമുദ്ര തീരങ്ങളില്ലാതെ, കരയാല്‍ ചുറ്റപ്പെട്ട സ്ഥലവും ഭൂഖണ്ഡാന്തര കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും സൗദി തലസ്ഥാനമായ റിയാദിലാണ് രാജ്യത്ത് ഏറ്റവുമധികം മത്സ്യകൃഷി പദ്ധതികളുള്ളത് . രണ്ടാമത് കിഴക്കന്‍ പ്രവിശ്യയും, മൂന്നാമത് അല്‍ഖസീമും മുന്നിട്ട് നിൽക്കുമ്പോൾ തൊട്ടു പിന്നിലായി മക്ക പ്രവിശ്യയും സമുദ്ര മത്സ്യകൃഷിയുടെ കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്നു.
ഏകദേശം 35 വര്‍ഷമായി സൗദി അറേബ്യ മത്സ്യകൃഷി രംഗത്ത് തുടരുന്നുണ്ട്. രാജ്യത്തെ മത്സ്യബന്ധനത്തിന്റെ പഠനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സൗദി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൃഷി, ജല മന്ത്രാലയം ഈ മേഖല രാജ്യത്തിന് പരിചയപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ചൈനയിലേക്കാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കയറ്റി അയക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, ജപ്പാന്‍, റഷ്യ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. നിലവില്‍ 32ലേറെ രാജ്യങ്ങളിലേക്ക് മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സൗദി അക്വാകള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ജനറല്‍ മാജിദ് അല്‍അസ്‌കര്‍ പറഞ്ഞു. നിലവില്‍ സൗദിയില്‍ 300 ലേറെ മത്സ്യകൃഷി പദ്ധതികള്‍ക്ക് ലൈസന്‍സുണ്ട്.
അക്വാകള്‍ച്ചര്‍ ഉള്‍പ്പെടെയുള്ള മത്സ്യബന്ധന മേഖലയിൽ പ്രതിവര്‍ഷം 220 കോടിയിലേറെ റിയാലാണ് സൗദി ചെലവഴിക്കുന്നത് .മത്സ്യകൃഷി ഉല്‍പ്പാദനം മത്സ്യബന്ധനത്തേക്കാള്‍ കൂടുതൽ ലാഭകരമാണെന്നാണ് സൗദി അക്വാകള്‍ച്ചര്‍ സൊസൈറ്റി പറയുന്നത്. പ്രോട്ടീന് അടക്കമുള്ള നിരവധി പോഷകങ്ങൾ ലഭിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷ കൈവരിക്കൽ, ജലത്തിന്റെ ഉപയോഗം കുറക്കൽ , പ്രകൃതി പ്രശ്നങ്ങൾ കുറക്കല്‍ എന്നിവക്ക് മത്സ്യകൃഷി ഏറെ സഹായിച്ചെന്നും സൗദി അക്വാകള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ജനറല്‍ മാജിദ് അല്‍അസ്‌കര്‍ വ്യക്തമാക്കി.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി സ്വയംപര്യാപ്തത കൈവരിക്കൽ, കയറ്റുമതി വർധിപ്പിക്കുക എന്നിവക്ക് പ്രാധാന്യം നൽകി മത്സ്യകൃഷിയിലെ പ്രധാന ലക്ഷ്യമാണ്.
അതിനിടെ സൗദിയിലെ മത്സ്യകൃഷി മേഖലാ നിക്ഷേപകര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നതായി വിലയിരുത്തപ്പെടുന്നു.
അറേബ്യന്‍ ഉള്‍ക്കടലിലെയും ചെങ്കടലിലെയും വെള്ളത്തിലെ ഉയര്‍ന്ന താപനില, അതിരുകടന്ന ലവണാംശം, ചില പ്രദേശങ്ങളിലെ ഭൂഗര്‍ഭജലനിരപ്പ് കുറയല്‍, ചില കിണറുകളിലെ ഉയര്‍ന്ന ലവണാംശം, ജല പുനരുപയോഗ സംവിധാനങ്ങളുടെ ഉയര്‍ന്ന നിര്‍മാണച്ചെലവ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണെന്ന് മാജിദ് അല്‍അസ്‌കര്‍ ചൂണ്ടിക്കാട്ടി.