ജിദ്ദ – ഗാസ മുനമ്പിലെ വഷളായ മാനുഷിക സാഹചര്യം കണക്കിലെടുത്ത്, ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശം നല്‍കി. വിമാന മാര്‍ഗവും കപ്പല്‍ വഴിയും കരമാര്‍ഗവും ഗാസയില്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കുന്നത് ഊര്‍ജിതമാക്കാനാണ് നിര്‍ദേശം. ഗാസ മുനമ്പില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സൗദി അറേബ്യ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെയും വിവിധ പ്രതിസന്ധികളിലും ദുരിതങ്ങളിലും ഫലസ്തീന്‍ ജനതക്കൊപ്പം നില്‍ക്കുന്നതില്‍ രാജ്യം വഹിക്കുന്ന ചരിത്രപരമായ പങ്കിന്റെയും തുടര്‍ച്ചയാണ് രാജാവിന്റെയും കിരീടാവകാശിയുടെയും പുതിയ നിര്‍ദേശമെന്ന് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. സൗദി അറേബ്യയുടെയും സൗദി ഭരണാധികാരികളുടെയും ജനങ്ങളുടെയും ഹൃദയങ്ങളില്‍ ഫലസ്തീന്‍ എപ്പോഴും വേരൂന്നിനില്‍ക്കുമെന്ന് ഇത് സ്ഥിരീകരിക്കുന്നു. സൗദി അറേബ്യയുടെ തുടര്‍ച്ചയായ സഹായങ്ങള്‍ സൗദി ജനതയുടെ ആഴത്തില്‍ വേരൂന്നിയ മൂല്യമാണെന്നും ഒരിക്കലും നിലച്ചിട്ടില്ലാത്ത ഉറച്ച സമീപനമാണെന്നും എല്ലാ സാഹചര്യങ്ങളിലും നിലനില്‍ക്കുന്ന മാന്യമായ നിലപാടാണെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
ഫലസ്തീന്‍ ജനതക്ക് ആശ്വാസം നല്‍കാനായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ വഴി രാജ്യം വിമാന മാര്‍ഗവും കപ്പല്‍ വഴിയും കരമാര്‍ഗവും വലിയ തോതില്‍ റിലീഫ് വസ്തുക്കള്‍ ഗാസയില്‍ എത്തിച്ചിട്ടുണ്ട്. ഇതുവരെ 77 ചരക്ക് വിമാനങ്ങളും എട്ടു ചരക്ക് കപ്പലുകളും വഴി 7,699 ടണ്ണിലേറെ ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍, ഷെല്‍ട്ടര്‍ സാധനങ്ങളും ഗാസയില്‍ എത്തിച്ചിട്ടുണ്ട്. ഭക്ഷണ സഹായം, ഷെല്‍ട്ടര്‍ സാധനങ്ങള്‍, മെഡിക്കല്‍ സാധനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ അടങ്ങിയ 912 ട്രക്ക് ലോഡ് റിലീഫ് വസ്തുക്കളും ഗാസയില്‍ എത്തിച്ചു. ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിക്ക് 20 ആംബുലന്‍സുകളും എത്തിച്ച് നല്‍കി. ഗാസയില്‍ ഒമ്പതു കോടിയിലേറെ ഡോളറിന്റെ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകളുമായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ കരാറുകള്‍ ഒപ്പുവെച്ചു. ഗാസയിലേക്കുള്ള ക്രോസിംഗുകള്‍ അടച്ചിട്ടതു മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാനും സഹായത്തിന്റെ വരവ് ഉറപ്പാക്കാനുമായി ജോര്‍ദാനുമായി സഹകരിച്ച് സൗദി അറേബ്യ ഗാസയില്‍ റിലീഫ് വസ്തുക്കള്‍ വിമാന മാര്‍ഗം ഇട്ടുനല്‍കുകയും ചെയ്തിരുന്നു.



