ജിസാൻ– വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജിസാനിൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസമാണ് കൺവെൻഷനിൽ ഉയർന്നുവന്നത്. യു.ഡി.എഫ് ജിസാൻ കമ്മിറ്റി ജനറൽ കൺവീനർ നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ഹാരിസ് കല്ലായി ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് മുന്നണിയെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും, ‘വൺ കാൾ ഫോർ വൺ വോട്ട്’ എന്ന ക്യാമ്പയിന്റെ ഭാഗമാകണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.


ജിസാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത്. കെ.എം.സി.സി, ഒ.ഐ.സി.സി എന്നീ സംഘടനകളുടെ ഭാരവാഹികളായ ജയ്സൺ ജോസഫ്, സാദിഖ് മാസ്റ്റർ മങ്കട, ഷാജി പുളിക്കയത്ത്, നാസർ ഇരുമ്പുഴി, ഷഫീഖ് എടശ്ശേരി, സലാം പെരുമണ്ണ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതവും ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ജിലു ബേബി നന്ദിയും രേഖപ്പെടുത്തി.



