ജിസാന്‍ – ഈ വര്‍ഷത്തെ ജിസാന്‍ ഫെസ്റ്റിവലിന് പ്രൗഢോജ്വല തുടക്കം. ജിസാനില്‍ നിന്നും പ്രവിശ്യക്കു പുറത്തുനിന്നും ഒഴുകിയെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ജിസാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ നാസര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരനും സന്നിഹിതനായിരുന്നു. ജിസാന്‍ നഗരത്തിലെ സൗത്ത് കോര്‍ണിഷില്‍ ജിസാന്‍ സിറ്റി തിയേറ്ററിലാണ് ജിസാന്‍ ഗവര്‍ണറേറ്റ് ചടങ്ങ് സംഘടിപ്പിച്ചത്.
ജിസാന്‍ ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ സുപ്രീം എക്‌സിക്യൂട്ടീവ് കമ്മിറ്റി ജനറല്‍ സൂപ്പര്‍വൈസറുമായ വലീദ് അല്‍സന്‍ആവി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും സന്ദര്‍ശകരെയും ലക്ഷ്യം വെച്ചുള്ള ഫെസ്റ്റിവലിന്റെ പ്രോഗ്രാമുളെയും ടൂറിസം, വിനോദം, കലാ, സാംസ്‌കാരിക പരിപാടികളെയും കുറിച്ച് ഹ്രസ്വമായി ഗവര്‍ണര്‍ക്കു മുന്നില്‍ വിശദീകരിച്ചു. ജിസാന്റെ സാംസ്‌കാരിക, ചരിത്ര, വികസന പ്രാധാന്യം, ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വൈവിധ്യം എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിലും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പ്രവിശ്യയിലെ വിനോദസഞ്ചാരവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉത്തേജിപ്പിക്കുന്നതിലും ഫെസ്റ്റിവല്‍ പരിപാടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ജിസാന്‍ എ സ്റ്റാര്‍ ഓഫ് ലൈറ്റ് എന്ന ഓപ്പറയും പ്രവിശ്യയിലെ പെര്‍ഫോമിംഗ് ആര്‍ട്സ് ഗ്രൂപ്പുകളില്‍ നിന്നുള്ള 200 ലേറെ കലാകാരന്മാര്‍ അണിനിരന്ന, സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലെ ആധികാരിക നാടോടി കലകള്‍, സാംസ്‌കാരിക, കലാപൈതൃകം എന്നിവ അടങ്ങിയ നാടക പ്രകടനവും ചടങ്ങില്‍ അരങ്ങേറി. ചടങ്ങിന്റെ സമാപനത്തില്‍, ജിസാന്‍ ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും പരമ്പരാഗത സൗദി അര്‍ദ നൃത്തത്തില്‍ പങ്കെടുത്തു.


വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് ഏരിയകള്‍, റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമുള്ള 24 കിയോസ്‌ക്കുകള്‍, ആര്‍ട്ട് ഗാലറി, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ഗെയിംസ് ഏരിയ, പക്ഷി ഉദ്യാനം, ആധുനിക പ്രദര്‍ശന രീതികള്‍ ഉപയോഗിച്ച് പ്രവിശ്യയുടെ ചരിത്രവും അതിന്റെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന എര്‍ത്ത് സോണ്‍ ഏരിയയുടെ ഭാഗമായ ജിസാന്‍ പ്രവിശ്യ മ്യൂസിയം എന്നിവ അടക്കമുള്ള സൗകര്യങ്ങളും സേവനങ്ങളും ജിസാന്‍ സിറ്റി തിയേറ്റര്‍ പരിസരത്ത് അടങ്ങിയിരിക്കുന്നു.



