ജിദ്ദ– ജിദ്ദയിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴ ഓർമിപ്പിക്കുന്നത് 2009-ൽ നഗരത്തിലുണ്ടായ വിനാശകരമായ വെള്ളപ്പൊക്കമാണ്. 2009 നവംബർ 25-ന് ഉണ്ടായ ആ പ്രളയത്തിൽ 117 പേർ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ആയിരക്കണക്കിന് വാഹനങ്ങളും കെട്ടിടങ്ങളും നശിക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകൾക്കിടെ ജിദ്ദ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. മഴവെള്ളം ഒഴുക്കിവിടാനുള്ള ഡ്രെയിനേജ് പദ്ധതികളിലെയും തടയണകളിലെയും വൻ അഴിമതിയും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി താഴ്‌വരകൾ കൈയേറിയതുമാണ് 2009-ലെ ദുരന്തത്തിന് പ്രധാന കാരണം. തുടർന്ന് അബ്ദുല്ല രാജാവിൻ്റെ ഉത്തരവനുസരിച്ച് വിശദമായ അന്വേഷണം നടക്കുകയും അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരെയും മറ്റും ശിക്ഷിക്കുകയും ചെയ്തു. പിന്നീട്, 2017-ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ ഈ അഴിമതിക്കേസുകൾ പുനരന്വേഷിക്കാൻ കമ്മിറ്റി സ്ഥാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം റിയാൽ വീതം നഷ്ടപരിഹാരം നൽകുകയും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ ചെലവിൽ താമസസൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.


2011, 2013, 2021, 2022 വർഷങ്ങളിലും ജിദ്ദയിൽ പ്രളയങ്ങൾ ആവർത്തിച്ചു. ഈ ദുരന്തങ്ങൾ തടയാനായി അടുത്തിടെയായി ബില്യൺ കണക്കിന് റിയാൽ ചെലവഴിച്ച് ആധുനിക ഡ്രെയിനേജ് സംവിധാനങ്ങൾ നടപ്പാക്കുകയും കിഴക്കൻ ജിദ്ദയിൽ തടയണകൾ നിർമ്മിക്കുകയും കനാലുകൾ വഴി വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയും ചെയ്തത് പ്രളയത്തിൻ്റെ ആഘാതം വലിയ അളവിൽ കുറയ്ക്കാൻ സഹായിച്ചു. എന്നിരുന്നാലും, ഇന്നലെ രാവിലെ അഞ്ചു മണിക്കൂറിനിടെ 100 മില്ലീമീറ്ററിലധികം മഴ ലഭിച്ചപ്പോൾ പല റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയും നിരവധി കാറുകൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില സർവീസുകൾക്ക് കാലതാമസവും നേരിട്ടു. മഴക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ഒരു സൗദി പൗരൻ മരിച്ചതായും റിപ്പോർട്ടുണ്ട്.



