ജിദ്ദ – ജിദ്ദയില്‍ നിന്ന് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്ക് ഡയറക്ട് വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ഫ്‌ളൈ നാസ് ആണ് ജിദ്ദ-മോസ്‌കോ ഡയറക്ട് സര്‍വീസുകള്‍ നടത്തുന്നത്. ജിദ്ദക്കും മോസ്‌കോയിലെ വ്‌നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ പ്രതിവാരം മൂന്ന് വിമാന സര്‍വീസുകള്‍ ഉണ്ടാകും. റഷ്യന്‍ വിമാന കമ്പനിയായ അസിമുത്ത് ഈ മാസാദ്യം ആരംഭിച്ച മഖാച്കല, മിനറല്‍നി വോഡി സര്‍വീസുകള്‍ക്കു ശേഷം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ റഷ്യന്‍ നഗരമാണ് മോസ്‌കോ.
സൗദി ടൂറിസം അതോറിറ്റിയുമായും എയര്‍ കണക്റ്റിവിറ്റി പ്രോഗ്രാമുമായും സഹകരിച്ചുള്ള ഈ ചുവടുവെപ്പ് സൗദി അറേബ്യക്കും റഷ്യക്കുമിടയിലുള്ള വ്യോമ ഗതാഗതം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ ശൃംഖല വികസിപ്പിക്കുക, യാത്രക്കാര്‍ക്ക് വിശാലമായ യാത്രാ ഓപ്ഷനുകള്‍ നല്‍കുക, വ്യോമ ഗതാഗതത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുക, രാജ്യത്തിന്റെ തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തുക എന്നീ ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുടെ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നു.
ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന്റെ ഭാഗമായ വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം അഞ്ചു കോടി കവിഞ്ഞിരുന്നു. 2030 ആകുമ്പോഴേക്കും 150 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ജിദ്ദ എയര്‍പോര്‍ട്ടിനെ ബന്ധിപ്പിക്കാനും പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം 10 കോടിയായി ഉയര്‍ത്താനും ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ലക്ഷ്യമിടുന്നു.



