ജിദ്ദ– ചെങ്കടലിന്റെ റാണിയായ ജിദ്ദയുടെ ഹൃദയഭാഗത്ത് ജീവിത നിലവാരം ഉയര്‍ത്തുന്ന സാംസ്‌കാരിക, ടൂറിസ്റ്റ് കേന്ദ്രമെന്നോണം രൂപകല്‍പന ചെയ്ത ജിദ്ദ സെന്‍ട്രല്‍ ഡെസ്റ്റിനേഷന്‍ പദ്ധതി നഗരത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്നു. പദ്ധതി ലോകത്തെമ്പാടും നിന്നുമുള്ള വിനോദസഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുകയും ചെയ്യും. പദ്ധതിയുടെ നിര്‍മാണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
പദ്ധതി പ്രദേശത്ത് നിക്ഷേപകര്‍ക്ക് എമ്പാടും മികച്ച അവസരങ്ങൾ നൽകുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ജിദ്ദ സെന്‍ട്രല്‍ ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ ഏറ്റവും വലിയ പ്രാധാന്യം. ചെങ്കടിലിന്റെ തീരത്ത് 57 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ജിദ്ദയുടെ ഹൃദയഭാഗത്ത് അല്‍സലാം കൊട്ടാരത്തിന്റെ വടക്ക് മുതല്‍ ഡീസലൈനേഷന്‍ പ്ലാന്റിന്റെ അവസാനം വരെ വ്യാപിച്ചുകിടക്കുന്ന പ്രധാന സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രദേശത്തെ ഒമ്പതര കിലോമീറ്റര്‍ ഏരിയ ചെങ്കടലിന്റെ നേരിട്ടുള്ള കാഴ്ച നല്‍കും. ഇതില്‍ 2.1 കിലോമീറ്റര്‍ മണല്‍ നിറഞ്ഞ തുറന്ന ബീച്ചാണ്. പദ്ധതി പ്രദേശത്തെ 40 ശതമാനം സ്ഥലം ഹരിത ഇടങ്ങളും തുറന്ന പ്രദേശങ്ങളുമാണ്.


സ്പോര്‍ട്സ് സ്റ്റേഡിയം, സമുദ്രതടങ്ങള്‍, ഓപ്പറ ഹൗസ്, വ്യാവസായിക മ്യൂസിയം എന്നീ നാലു പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ അടങ്ങിയ ജിദ്ദ സെന്‍ട്രല്‍ ഡെസ്റ്റിനേഷന്‍ നിരവധി കാരണങ്ങളാല്‍ നിക്ഷേപകര്‍ക്കും നിക്ഷേപങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണ്. കേന്ദ്ര പ്രദേശം, മറീന, യാച്ച് ഏരിയ, വാട്ടര്‍ഫ്രണ്ട് ഏരിയ, സ്പോര്‍ട്സ് ഏരിയ, സര്‍ഗാത്മകത-കലാ മേഖല, പരിസ്ഥിതി-ആരോഗ്യ മേഖല എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ടൂറിസം, വിനോദം, സംസ്‌കാരം, കായികം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന പത്തിലേറെ ഗുണനിലവാരമുള്ള പദ്ധതികള്‍ ജിദ്ദ സെന്‍ട്രല്‍ ഡെസ്റ്റിനേഷനില്‍ വികസിപ്പിക്കും. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ബഹുമുഖ ഉപയോഗ ആസ്തികള്‍, ലക്ഷ്വറി ഓഫീസുകള്‍ എന്നിവ ഇവിടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. റെസിഡന്‍ഷ്യല്‍, റീട്ടെയില്‍, വിനോദം, ഇവന്റ് അനുഭവങ്ങള്‍ എന്നിവക്കായി ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കുന്ന ഇവിടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായും കോര്‍പ്പറേറ്റ് മികവ്, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയര്‍ന്ന നിലവാരവുമായും പൊരുത്തപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാകും.
വിനോദ തുറമുഖം, യാച്ചുകള്‍ക്കും മറൈന്‍ ബോട്ടുകള്‍ക്കുമുള്ള മറീന, ആഡംബര ക്രൂയിസ് ടെര്‍മിനല്‍, റിസോര്‍ട്ടുകള്‍, ബസാര്‍, സെന്‍ട്രല്‍ പാര്‍ക്ക്, ഷോപ്പിംഗ് സെന്ററുകള്‍, സ്ട്രിപ്പ് പാര്‍ക്ക്, പബ്ലിക് ബീച്ച്, പവിഴപ്പുറ്റ് ഉള്‍ക്കടല്‍ എന്നീ പത്ത് ആകര്‍ഷണങ്ങളുടെ സാന്നിധ്യവും പദ്ധതിയുടെ സവിശേഷതയാണ്.
ജിദ്ദ നിവാസികളെയും സന്ദര്‍ശകരെയും ചെങ്കടലുമായി വീണ്ടും ബന്ധിപ്പിക്കുന്ന ജിദ്ദ സെന്‍ട്രല്‍ ഡെസ്റ്റിനേഷനില്‍, സമുദ്രജീവികളെ സംരക്ഷിക്കാനായി ഗവേഷണ പഠന കേന്ദ്രവും സ്ഥാപിക്കും. പദ്ധതി പ്രദേശത്ത് 100 വര്‍ഷക്കാലം വിവിധ കാലാവസ്ഥകളില്‍ തിരമാലകളുടെ അവസ്ഥ പഠിക്കാനായി ബ്രിട്ടനിലെ ഏറ്റവും വലിയ സ്‌പെഷ്യലൈസ്ഡ് കമ്പനികളിലൊന്നാണ് മറീനയുടെയും വാട്ടര്‍ഫ്രണ്ടിന്റെയും റിയലിസ്റ്റിക് സിമുലേഷന്‍ മോഡല്‍ നിര്‍മ്മിച്ചത്.
പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഒന്നായ ജിദ്ദ സെന്‍ട്രല്‍ ഡെവലപ്മെന്റ് കമ്പനി, കഴിഞ്ഞ ഫെബ്രുവരിയില്‍ 1,200 കോടി റിയാലിന്റെ നാലു കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ആദ്യ ഘട്ട പശ്ചാത്തല സൗകര്യങ്ങള്‍, സമുദ്രതടങ്ങള്‍, ഓപ്പറ ഹൗസ്, സ്പോര്‍ട്സ് സ്റ്റേഡിയം എന്നിവക്കുള്ള കരാറുകളാണ് ഒപ്പുവെച്ചത്.



