മനാമ– ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകൾ ഒപ്പുവെച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി റോമിലെ പലസോ ചിഗിയിൽ നടന്ന കൂടിക്കാഴ്ചയിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി.
ബഹ്‌റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയവും ഇറ്റാലിയൻ എന്റർപ്രൈസസ് ആൻഡ് മെയ്ഡ് ഇൻ ഇറ്റലി മന്ത്രാലയവും തന്ത്രപരമായ നിക്ഷേപ സഹകരണ കരാർ (എസ്.ഐ.പി) ഒപ്പുവെച്ചു. 100 കോടി യൂറോയിലധികം നിക്ഷേപം നടത്താനാണ് ഈ കരാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക, വ്യാപാര, നിക്ഷേപ പങ്കാളിത്തവും വിപുലീകരിക്കും.
ബഹ്‌റൈൻ സ്പേസ് ഏജൻസിയും ഇറ്റാലിയൻ സ്പേസ് ഏജൻസിയും ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രയോഗങ്ങൾ എന്നിവയിൽ സഹകരിക്കും. കസ്റ്റംസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാനും ധാരണയായി.
ബഹ്‌റൈൻ മുംതലകാത്ത് ഹോൾഡിങ് കമ്പനിയും ഇൻവെസ്റ്റ് ഇൻഡസ്ട്രിയലും തമ്മിലുള്ള നിക്ഷേപ കരാർ, നാഷനൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (എൻ.ബി.ബി) – ബാങ്കോ ബി.പി.എം ബാങ്കിങ് പങ്കാളിത്തം, ഇറ്റാലിയൻ-ബഹ്‌റൈൻ ബിസിനസ് കൗൺസിൽ കരാർ എന്നിവയും ഒപ്പുവെച്ചു. സംയുക്ത നാവിക, വ്യവസായിക, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.
ഊർജ സുരക്ഷ, ഊർജ പരിവർത്തനം, നിർമാണം, ഗതാഗതം, ടൂറിസം, സ്മാർട്ട് സിറ്റികൾ, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായി.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും, ബന്ദികളെ മോചിപ്പിക്കാനും, ഇരട്ട രാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു. വിവിധ മേഖലകളിൽ പങ്കാളിത്തം മെച്ചപ്പെടുത്തി ജനങ്ങൾക്ക് വളർച്ചയും സമൃദ്ധിയും ഉറപ്പാക്കാൻ കിരീടാവകാശി പ്രതിബദ്ധത പ്രകടിപ്പിച്ചു. ഹമദ് രാജാവിന്റെ നേതൃത്വത്തെ മെലോണി അഭിനന്ദിക്കുകയും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.