റിയാദ് – ഇന്ന് ജുമുഅ നമസ്‌കാരത്തിനിടെ ഇസ്‌ലാമാബാദിലെ ശിയാ മസ്ജിദിലുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ശിയാ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെയുണ്ടയ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞത് 31 പേര്‍ കൊല്ലപ്പെടുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക് അധികൃതര്‍ പറഞ്ഞു.
സൗദി വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ അപലപിക്കുകയും ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതോ, സാധാരണക്കാരെ ഭയപ്പെടുത്തുന്നതോ, നിരപരാധികളുടെ രക്തം ചിന്തുന്നതോ ആയ അക്രമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ ഉറച്ച നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും ഭീകരതയെയും നേരിടാനുള്ള ശ്രമങ്ങളില്‍ സൗദി അറേബ്യ പാക്കിസ്ഥാനൊപ്പം നിലയുറപ്പിക്കും. സൗദി വിദേശ മന്ത്രാലയം ഇരകളുടെ കുടുംബങ്ങള്‍ക്കും പാക്കിസ്ഥാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും അനുശോചനവും സഹതാപവും അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഇറാനും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു.



