മനാമ – ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ രണ്ട് ഹോട്ടലുകളും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടവും ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ ഇറാന്‍ ആക്രമണമുണ്ടായതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ജീവഹാനി സംഭവിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ മനാമയില്‍ സൈറണ്‍ മുഴക്കുകയും, പൗരന്മാരോടും രാജ്യത്ത് കഴിയുന്ന പ്രവാസികളോടും ശാന്തത പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്ത് അഭയം തേടാനും ഔദ്യോഗിക ചാനലുകളിലൂടെ വാര്‍ത്തകള്‍ പിന്തുടരാനും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിക്കുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച മുതല്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായിലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായ തരംഗങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ചെറുക്കുന്നുണ്ടെന്ന് ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് പ്രസ്താവിച്ചു. ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തെ ലക്ഷ്യമിട്ടുള്ള 78 മിസൈലുകളും 129 ഡ്രോണുകളും തകര്‍ത്തു. തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധ സന്നദ്ധതയിലും ഉയര്‍ന്ന ജാഗ്രതയിലും പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ സംരക്ഷിക്കുന്നതില്‍ അവരുടെ തുടര്‍ച്ചയായ പ്രവര്‍ത്തന കാര്യക്ഷമതയെ അഭിനന്ദിക്കുകയും ചെയ്തു. സൈനികരുടെ അഭിമാനകരമായ പ്രകടനം രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന ഉറപ്പും ആത്മവിശ്വാസവും വളര്‍ത്തുന്നു.
എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തുപോകണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് അഭ്യര്‍ഥിച്ചു. കേടുപാടുകള്‍ സംഭവിച്ച സ്ഥലങ്ങളില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്റെയും സൈനിക നടപടികളുടെയോ അവശിഷ്ടങ്ങളുടെ ആഘാതത്തിന്റെയോ ഫോട്ടോ എടുക്കുന്നതും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യവും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍, അലേര്‍ട്ടുകള്‍, മുന്നറിയിപ്പുകള്‍ എന്നിവ നേടേണ്ടതിന്റെ ആവശ്യകതയും ജനറല്‍ കമാന്‍ഡ് ഊന്നിപ്പറഞ്ഞു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സ്വകാര്യ സ്വത്തുവകകളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നതിനെ ജനറല്‍ കമാന്‍ഡ് അപലപിച്ചു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ്. ഈ വിവേചനരഹിതവും ക്രൂരവുമായ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് പറഞ്ഞു.
ഇന്നലെ ബഹ്‌റൈനിലെ മഅമീര്‍ പ്രദേശത്തെ ബഹ്റൈന്‍ പെട്രോളിയം കമ്പനി (ബാപ്കോ) റിഫൈനറിയില്‍ ഇറാന്‍ ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് റിഫൈനറിയില്‍ വലിയ തീപിടുത്തമുണ്ടായി. റിഫൈനറിക്കുള്ളില്‍ നിന്ന് തീജ്വാലകള്‍ ശക്തമായി ഉയരുന്നതും തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ ആകാശത്തേക്ക് പുകപടലങ്ങള്‍ ഉയരുന്നതും കാണിക്കുന്ന വീഡിയോ പുറത്തുവന്നു.



