ദോഹ: തങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന വാർത്തകൾ ഖത്തർ ഔദ്യോഗികമായി നിഷേധിച്ചു. ഇത്തരം റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ ഇറാനുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽഅൻസാരി വ്യക്തമാക്കി. ഇറാനിൽ യുഎസ്-ഇസ്രായിൽ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിട്ട ഘട്ടത്തിലാണ് ഇറാന് പണം നൽകി ഖത്തർ സുരക്ഷ ഉറപ്പാക്കിയെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നത്. അമേരിക്കൻ, ഇസ്രായിൽ നീക്കങ്ങൾക്ക് തിരിച്ചടിയായി മേഖലയിലെ വിവിധ രാജ്യങ്ങളിൽ ഇറാൻ ആക്രമണങ്ങൾ നടത്തിയിരുന്നു.
മേഖലയിൽ സുസ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണമെന്ന നിലപാടാണ് ഖത്തർ തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളതെന്ന് മാജിദ് അൽഅൻസാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുദ്ധത്തിലുടനീളം ഖത്തറിനെതിരായ ഇറാന്റെ ആക്രമണങ്ങൾ തുടർന്നിരുന്നുവെന്നും, രണ്ടാഴ്ചത്തെ വെടിനിർത്തലിനായി യുഎസും ഇറാനും തമ്മിലുണ്ടാക്കിയ കരാറിന് ശേഷമാണ് ആക്രമണങ്ങൾ അവസാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ഖത്തർ നേരിട്ട് മധ്യസ്ഥത വഹിക്കുന്നില്ല. പകരം പാകിസ്ഥാൻ, അമേരിക്ക, മറ്റ് പ്രാദേശിക രാജ്യങ്ങൾ എന്നിവരുമായി ചേർന്ന് ഏകീകൃതമായ ഒരു നിലപാടിലെത്താനാണ് ഖത്തർ ശ്രമിക്കുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു കക്ഷിക്കും ഏകപക്ഷീയമായി നിയന്ത്രണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഖത്തർ ഓർമ്മിപ്പിച്ചു. കടലിടുക്കിനെ രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയായി ഉപയോഗിക്കരുത്. യുദ്ധം ആരംഭിച്ചതിന് ശേഷവും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ പലപ്പോഴും ചുവപ്പ് രേഖകൾ ലംഘിച്ചിട്ടുണ്ടെന്നും വിദേശ മന്ത്രാലയ വക്താവ് കുറ്റപ്പെടുത്തി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറിന്റെ എണ്ണ, ഗ്യാസ് ടാങ്കറുകൾക്ക് നേരെ പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.



