റിയാദ് – ഇറാനെതിരായ അമേരിക്കന്‍-ഇസ്രായില്‍ യുദ്ധവും മേഖലയില്‍ അതിന്റെ പ്രത്യാഘാതങ്ങളും തുടരുന്നതിനിടെ, അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെ കൂടിയാലോചനാ യോഗം ഇന്ന് (ബുധന്‍) വൈകുന്നേരം റിയാദില്‍ നടക്കുമെന്ന് സൗദി വിദേശ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കാനുള്ള വഴികളെ കുറിച്ച് കൂടുതല്‍ കൂടിയാലോചനയും ഏകോപനവും നടത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.
സംഘര്‍ഷത്തിന്റെ 19-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ സംയുക്ത ഗള്‍ഫ് രാഷ്ട്രീയ ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ സംയമനം പാലിക്കുകയും സ്ഥിരതക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ജി.സി.സിയുടെ വിദേശനയത്തിലെ കാതലായ തത്വമാണിത്.
ക്രൂരമായ ഇറാന്‍ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ആറ് രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഭീരുത്വമാര്‍ന്ന ഇറാന്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനയും ഉടനടി ഏകോപനവും ശക്തമാക്കാനായി കഴിഞ്ഞ മണിക്കൂറുകളില്‍ ഏതാനും ഗള്‍ഫ്, അറബ് രാജ്യങ്ങളുമായി സൗദി അറേബ്യ ആശയവിനിമയങ്ങള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്ന സന്ദേശമാണ് ഈ ആശയവിനിമയങ്ങളിലൂടെ സൗദി അറേബ്യ വ്യക്തമാക്കുന്നത്.



