റിയാദ് – സൗദി അറേബ്യ കഴിഞ്ഞ 50 വർഷമായി കിഴക്കുപടിഞ്ഞാറൻ എണ്ണ പൈപ്പ്‌ലൈൻ ശൃംഖലയിൽ നടത്തിവരുന്ന നിക്ഷേപം നിലവിലെ ഊർജ്ജ പ്രതിസന്ധി കൈകാര്യം ചെയ്യാൻ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം നേരിടുന്ന പ്രതിസന്ധി കൊറോണ മഹാമാരിയേക്കാൾ രൂക്ഷമാണെന്നും ഇത് ആഗോള വിതരണ ശൃംഖലയെയും സമ്പദ്‌വ്യവസ്ഥയെയും മോശമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം എണ്ണ, വാതകം, വളം തുടങ്ങിയ മേഖലകളിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം വെല്ലുവിളികൾക്കിടയിലും ദീർഘകാല പദ്ധതികളും വളർച്ചാ സാധ്യതകളുമുള്ള സൗദി സമ്പദ്‌വ്യവസ്ഥ നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മേഖലയിൽ കൂടുതൽ സ്ഥിരത കൊണ്ടുവരാൻ സഹായിച്ചതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് ഗൾഫ് രാജ്യങ്ങളെ പരസ്പരം മത്സരിക്കുന്ന ചെറിയ രാജ്യങ്ങളായിട്ടാണ് പലരും കണ്ടിരുന്നതെങ്കിൽ, ഇന്നത്തെ സാഹചര്യം ഈ രാജ്യങ്ങൾ തമ്മിലുള്ള ഐക്യം തെളിയിക്കുന്നു. ഈ സഹകരണം റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ, പ്രതിരോധം എന്നീ മേഖലകളിൽ പുതിയ നിക്ഷേപ അവസരങ്ങൾ തുറന്നിട്ടുണ്ട്. സൈനിക സംഘർഷം രൂക്ഷമാകുന്നത് ആഗോള ഊർജ്ജ വിപണിയിൽ എണ്ണ വിതരണം തടസ്സപ്പെടാൻ കാരണമാകുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ലോക വിപണി ഇതുവരെ പൂർണ്ണമായി വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുദ്ധം കാരണം ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ, ഗ്യാസ് കയറ്റുമതി തടസ്സപ്പെട്ടതോടെ ചെങ്കടൽ തീരത്തെ യാമ്പു തുറമുഖം വഴിയാണ് സൗദി അറേബ്യ ഇപ്പോൾ പ്രധാനമായും ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത്. അറേബ്യൻ ഉപദ്വീപിനെ മുറിച്ചുകടക്കുന്ന 1,201 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ വഴി കിഴക്കൻ സൗദിയിലെ അബ്‌ഖൈഖ് എണ്ണപ്പാടത്തു നിന്ന് യാമ്പുവിലേക്ക് എണ്ണ എത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണയാണ് ഇപ്പോൾ ഈ വഴി കയറ്റുമതി ചെയ്യുന്നത്. 1980-കളിൽ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഹുർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ നീക്കം സുഗമമാക്കാൻ സൗദി നിർമ്മിച്ച ഈ പൈപ്പ്‌ലൈൻ സംവിധാനം ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന് വലിയ തുണയാകുന്നു.



