കുവൈത്ത് സിറ്റി– സബാഹ് അല്‍ സലേം നോര്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരെ അജ്ഞാതൻ മർദിച്ച സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ക്ലിനിക്കിന്റെ പാർക്കിംഗ് സ്ഥലത്ത് വെച്ചാണ് അക്രമി രണ്ട് ഡോക്ടർമാരെയും മർദിച്ചത്. പ്രതി ഇരുവരെയും പിന്തുടർന്നെത്തി മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും പരുക്കേറ്റു. ഒരാളുടെ കൈ ഒടിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഔദ്യോഗിക ജോലി സമയം കഴിഞ്ഞിട്ടും ഡോക്ടർമാർ മെഡിക്കൽ ലീവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. കുറ്റവാളി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ അഭിഭാഷകൻ ഇലാഫ് അൽ-സലേഹ് പരാതി നൽകി. സബാഹ് അൽ-സലേം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത പരാതി പ്രോസിക്യൂഷന് കൈമാറി. ഒരു ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ചികിത്സയിൽ ഇരിക്കുന്ന രണ്ടാമത്തെ ഡോക്ടറുടെ കൂടെ മൊഴി എടുത്താൽ അന്വേഷണം പൂർത്തിയാകും. കുറ്റവാളിയെ വേഗത്തിൽ പിടികൂടാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് നിർദ്ദേശം നൽകി.
ഇത് ഭീകരമായ ആക്രമമാണെന്നും കുവൈത്ത് നിയമപ്രകാരം ശിക്ഷാർഹമാണെന്നും അഭിഭാഷകൻ അൽ-സലേഹ് പറഞ്ഞു. ഇത് ആരോഗ്യ മേഖലയുടെയും അതിന്റെ പ്രൊഫഷണൽ, തൊഴിൽ സുരക്ഷയുടെയും നഗ്നമായ ലംഘനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.