മക്ക– പുണ്യ റമദാന്‍ മാസം സമാഗതമാകാറായതും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചതും കണക്കിലെടുത്ത്, മക്ക, മദീന പ്രവിശ്യകളിലെ 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. റജബ് ഒന്നിനും ശഅബാന്‍ അഞ്ചിനും ഇടയില്‍ മക്കയിലെയും മദീനയിലെയും 17,582 വാണിജ്യ സ്ഥാപനങ്ങളിലും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലുമാണ് മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ നടന്നത് സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, സെന്‍ട്രല്‍ ഏരിയയിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, സ്വര്‍ണ്ണാഭരണ കടകള്‍, മക്കയിലേക്കും മദീനയിലേക്കും മീഖാത്തുകളിലേക്കും നയിക്കുന്ന റോഡുകളിലെ പെട്രോള്‍ ബങ്കുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലാണ്. മക്കയില്‍ 10,817 ഉം മദീനയില്‍ 6,765 ഉം സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിനിടെ മക്കയില്‍ 859 ഉം മദീനയില്‍ 352 ഉം നിയമ ലംഘനങ്ങള്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തി.
വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന സാധനങ്ങളുടെയും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും ഉയര്‍ന്ന ലഭ്യത, ഭക്ഷ്യവസ്തുക്കളുടെയും മറ്റും മതിയായ സ്റ്റോക്ക്, ഉല്‍പന്നങ്ങള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ക്ക് നിരക്കല്‍, സ്ഥാപനങ്ങളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ പാലിക്കല്‍ എന്നിവ പരിശോധനകള്‍ക്കിടെ ഉറപ്പുവരുത്തുന്നു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും മക്കയിലെയും മദീനയിലെയും സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ തുടരുകയാണ്.



