മസ്കത്ത് – ഇന്ത്യയിലേക്കുള്ള യാത്രക്കിടെ എം.വി കേപ് ദാവോ എന്ന ചരക്ക് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടതായി ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇന്ത്യയിലേക്ക് പോകുന്നതിനിടെ എം.വി കേപ് ദാവോ കപ്പലിനു നേരെയുണ്ടായ ആക്രമണം ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
19 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കപ്പലിലുള്ള മുഴുവന്‍ ജീവനക്കാരുടെയും സുരക്ഷയുടെ കാര്യത്തില്‍ ഒമാന്‍ അധികൃതരുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് ജീവന് നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അഗാധമായ ദുഃഖമുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു. ആര്.പി.എസ്.എല്ലുമായി ഏകോപനം നടത്തിയും മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടും എംബസി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു- മസ്കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയും കപ്പലിലെ വൈപ്പര്‍ ജീവനക്കാരനുമായ സൂരജ് യാദവാണ് മരിച്ചതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന് ഓഫ് ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര് മരിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജ്ഞാതമായ പ്രൊജക്ടൈല്‍ ചരക്ക് കപ്പലില്‍ ഇടിച്ചതായി കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥന് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്ററിനെ അറിയിച്ചു. ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു. കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിനടക്കുകയാണ്. ജീവനക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. രണ്ടു പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ പാരിസ്ഥിതിക ആഘാതമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കപ്പലുകള്‍ ജാഗ്രതയോടെ സഞ്ചരിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്ററിനെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.







