ദുബൈ – ദുബൈ എയർഷോയിൽ പങ്കെടുത്ത ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10-നാണ് അപകടം. ആകാശപ്രദർശനത്തിനിടെ രണ്ടാം റൗണ്ട് അഭ്യാസത്തിനായി പറന്നുയർന്ന ഉടൻ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് കൂപ്പുകുത്തി. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് സംഭവം. ആകാശപ്രദർശനത്തിനിടെ വിമാനം താഴേക്ക് കൂപ്പുകുത്തി, തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. ദുരന്തത്തിൽ പൈലറ്റ് മരിച്ചുവെന്നാണ് റിപ്പോർട്ട്.
വലിയ ജനക്കൂട്ടത്തിന് മുന്നിൽ നടന്ന പ്രകടനത്തിനിടെയായിരുന്നു സംഭവം. വിമാനം താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് എയർഷോ താത്കാലികമായി നിർത്തിവെച്ചു.
നവംബർ 17-ന് ആരംഭിച്ച ദുബൈ എയർഷോ ഇന്ന് സമാപിക്കാനിരിക്കെയാണ് അപകടം. ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നടക്കുന്ന ഈ ആഗോള വ്യോമയാന മേളയിൽ 1500-ൽ അധികം കമ്പനികളും 150-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1.48 ലക്ഷം പ്രൊഫഷണലുകളും പങ്കെടുത്തിരുന്നു.



