മനാമ– ലൈംഗിക ചൂഷണത്തിനു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ രണ്ട് പേർ ബഹ്‌റൈനിൽ പിടിയിൽ. ഇവർക്കെതിരെ മൂന്ന് വർഷം തടവും 2,000 ബഹ്റൈൻ ദിനാർ ( ഏകദേശം 464,296 രൂപ) പിഴയും കോടതി വിധിച്ചു. മനുഷ്യക്കടത്തിന് ഇരയായ യുവതിയെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് വഹിക്കാനും ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. പ്രതികൾ ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ അവരെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി വിധിച്ചു.
ജോലി വാഗ്ദാനം ചെയ്താണ് ഇവർ യുവതിയെ ബഹ്‌റൈനിൽ എത്തിച്ചത്. തുടർന്ന് യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചതെന്ന് മനുഷ്യക്കടത്ത് പ്രോസിക്യൂഷൻ പറഞ്ഞു.