കുവൈത്ത് സിറ്റി – കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2025 ല്‍ കുവൈത്തിലെ ആകെ ജനസംഖ്യ അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ച് 52.37 ലക്ഷമായി. 2024 ല്‍ രാജ്യത്തെ ജനസംഖ്യ 49.88 ലക്ഷമായിരുന്നു. എന്നാല്‍ കുവൈത്തി പൗരന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം കുറഞ്ഞു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം കുവൈത്തികളുടെ ജനസംഖ്യ 15,63,000 ആണ്. 2024 ല്‍ സ്വദേശികളുടെ ജനസംഖ്യ 15,68,000 ആയിരുന്നു. സ്വദേശികളുടെ ജനസംഖ്യയില്‍ 5,000 പേരുടെ കുറവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.
മൊത്തം ജനസംഖ്യയില്‍ കുവൈത്തികള്‍ 29.85 ശതമാനമായി കുറഞ്ഞു. 2024 ല്‍ കുവൈത്തികള്‍ 31.4 ശതമാനമായിരുന്നു. കുവൈത്തിലെ പ്രവാസികളുടെ എണ്ണം 34.2 ലക്ഷത്തില്‍ നിന്ന് 36.7 ലക്ഷമായി ഉയര്‍ന്നു. പ്രവാസികളുടെ ജനസംഖ്യയില്‍ 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം ജനസംഖ്യയില്‍ പ്രവാസികള്‍ 70.5 ശതമാനമായി.
പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ ആധിപത്യം തുടരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യക്കാരുടെ എണ്ണം 10,59,000 ആയി ഉയര്‍ന്നു. 2024 ല്‍ ഇന്ത്യക്കാര്‍ 10,08,000 ആയിരുന്നു. കുവൈത്തിലെ ആകെ ജനസംഖ്യയുടെ 20 ശതമാനവും പ്രവാസികളില്‍ 29 ശതമാനവും ഇന്ത്യന്‍ സമൂഹമാണ്. മൊത്തം ഗാര്‍ഹിക തൊഴിലാളികളില്‍ 40.1 ശതമാനം ഇന്ത്യക്കാരാണ്. കുവൈത്തില്‍ 3,43,000 ഇന്ത്യക്കാര്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്നു. പ്രവാസി ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് ഈജിപ്തുകാരാണ്. കുവൈത്തില്‍ 6,67,000 ഈജിപ്തുകാരുണ്ട്. പ്രവാസികളില്‍ 18 ശതമാനം ഈജിപ്തുകാരാണ്. മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശുകാരും നാലാം സ്ഥാനത്ത് ഫിലിപ്പിനോകളുമണ്. 3,24,000 ബംഗ്ലാദേശുകാരും 2,26,000 ഫിലിപ്പിനോകളും കുവൈത്തിലുണ്ട്.
പ്രവാസികളില്‍ 8,56,000 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്. 2024 ല്‍ ഗാര്‍ഹിക തൊഴിലാളികള്‍ 8,23,000 ആയിരുന്നു. കഴിഞ്ഞ വര്‍ഷം വീട്ടുജോലിക്കാരുടെ എണ്ണം നാലു ശതമാനം തോതില്‍ വര്‍ധിച്ചു. മൊത്തം ജനസംഖ്യയുടെ 16 ശതമാനവും മൊത്തം തൊഴില്‍ ശക്തിയുടെ 27 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. 2025 അവസാനത്തോടെ കുവൈത്തില്‍ ഗാര്‍ഹിക സഹായികളല്ലാത്ത തൊഴിലാളികളുടെ എണ്ണം 23,56,000 ആണ്. ഇതില്‍ 5,27,000 പേര്‍ (22 ശതമാനം) സര്‍ക്കാര്‍ മേഖലയിലും 18.3 ലക്ഷം പേര്‍ (78 ശതമാനം) സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാര്‍ മേഖലാ ജീവനക്കാരില്‍ മുക്കാല്‍ ഭാഗവും കുവൈത്തികളാണ്. അതേസമയം സ്വകാര്യ മേഖലാ തൊഴിലാളികളില്‍ വെറും 3.7 ശതമാനം മാത്രമാണ് കുവൈത്തി പൗരന്മാര്‍. മൊത്തം കുവൈത്തി തൊഴിലാളികളുടെ എണ്ണം 4,50,000 ആയി. സ്വകാര്യ മേഖലാ ജീവനക്കാരില്‍ 30.8 ശതമാനം ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ഈജിപ്തുകാരാണ്. സ്വകാര്യ മേഖലാ ജീവനക്കാരില്‍ 23.9 ശതമാനം ഈജിപ്തുകാരാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മൊത്തം പ്രവാസി തൊഴിലാളികളില്‍ 33.9 ശതമാനവും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



