മക്ക – വിശുദ്ധ റമദാനില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങളും പ്രവര്‍ത്തന പദ്ധതികളും വിലയിരുത്താന്‍ ഹജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് മേധാവിയുമായ ഡോ. തൗഫീഖ് അല്‍റബീഅ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഏതാനും സേവന കേന്ദ്രങ്ങളിലും സന്ദര്‍ശനങ്ങള്‍ നടത്തി. ഹറംകാര്യ വകുപ്പ് സി.ഇ.ഒ എന്‍ജിനീയര്‍ ഗാസി അല്‍ശഹ്‌റാനിയും മന്ത്രിയെ അനുഗമിച്ചു. ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി, ആള്‍ക്കൂട്ട നിയന്ത്രണ പദ്ധതികള്‍, തീര്‍ഥാടകരുടെയും വിശ്വാസികളുടെയും സുഗമമായ ഒഴുക്കിനുള്ള ക്രമീകരണങ്ങള്‍ എന്നിവ മന്ത്രി വിലയിരുത്തി. ഹജ്, ഉംറ മന്ത്രാലയം, ഹറംകാര്യ വകുപ്പ്, തീര്‍ഥാടകരെ സേവിക്കുന്ന പങ്കാളികള്‍ എന്നിവ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ബന്ധപ്പെട്ട വകുപ്പുകള്‍ക്കിടയിലെ സംയോജന സംവിധാനങ്ങളും മന്ത്രി വിലയിരുത്തി.
ഇരു ഹറമുകളിലും നല്‍കുന്ന സേവനങ്ങളുടെ സുസജ്ജത മന്ത്രി അവലോകനം ചെയ്തു. പ്രായമായവര്‍ക്കും വികലാംഗര്‍ക്കും സേവനം നല്‍കാനായി 10,000 ലേറെ വീല്‍ചെയറുകള്‍, 400 ലേറെ ഇലക്ട്രിക് വീല്‍ചെയറുകള്‍, ഉംറ കര്‍മം പൂര്‍ത്തിയാക്കിയവരുടെ മുടി മുറിക്കാനുള്ള 12 മൊബൈല്‍ സെന്ററുകള്‍, വഴിതെറ്റിയ തീര്‍ഥാടകര്‍ക്കുള്ള സഹായം, പ്രായമായവര്‍, വികലാംഗര്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള പിന്തുണ, വഴികാട്ടല്‍, തിരിച്ചറിയല്‍ വളകള്‍ എന്നിവ അടക്കം 13 സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 31 കെയര്‍ സെന്ററുകള്‍, 20 പ്രധാന ഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്ന മുപ്പത് മൊബൈല്‍ ഗൈഡന്‍സ് സെന്ററുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് സൗജന്യ ലഗേജ് ലോക്കറുകള്‍, മൂന്ന് ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ഹറമില്‍ ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടകരുടെ ചലനം സുഗമമാക്കാന്‍ ഇന്ററാക്ടീവ് മാപ്പ്, ഏഴ് അന്താരാഷ്ട്ര ഭാഷകളില്‍ പ്രാര്‍ഥനാ ഗൈഡ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. കാല്‍നട പട്രോളിംഗ് സംഘങ്ങളിലൂടെയും ബഹുഭാഷാ കളര്‍-കോഡഡ് സിസ്റ്റത്തിലൂടെയും ഫീല്‍ഡ് മാര്‍ഗനിര്‍ദേശ സംവിധാനം മെച്ചപ്പെടുത്തി. 500 ലധികം വളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെ 30 ലേറെ നുസുക് ഇനായ സെന്ററുകള്‍ വഴി നല്‍കുന്ന പിന്തുണയെയും സഹായ സേവനങ്ങളെയും കുറിച്ചും പ്രവേശന കവാടങ്ങളില്‍ 595 ജീവനക്കാര്‍ നല്‍കുന്ന സ്വീകരണം, സ്വാഗതം, മാര്‍ഗനിര്‍ദേശ സേവനങ്ങള്‍ എന്നിവയെ കുറിച്ചും മന്ത്രിക്കു മുന്നില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഉംറ സര്‍വീസ് കമ്പനികളുടെ സുസജ്ജത നിരീക്ഷിക്കാനും നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി 410 ജീവനക്കാര്‍ അടങ്ങിയ ടീമുകള്‍ നടത്തുന്ന ഫീല്‍ഡ് മോണിറ്ററിംഗ് പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും തത്സമയം പരിഹരിക്കാനും ഡിജിറ്റല്‍, ഫീല്‍ഡ് മോണിറ്ററിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.



