ജിദ്ദ: സൗദി അറേബ്യക്കകത്തു നിന്ന് ഹജ്ജ് കർമം നിർവഹിക്കാൻ രജിസ്റ്റർ ചെയ്തവർ തങ്ങൾ തെരഞ്ഞെടുത്ത പാക്കേജ് അനുസരിച്ച മൂന്നാമത്തെയും അവസാനത്തെതുമായ ഗഡു പണമടക്കേണ്ട ദിവസം വെള്ളിയാഴ്ചയാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര ഹാജിമാർക്ക് ഹജ്ജ് പാക്കേജ് നിരക്ക് ഒറ്റത്തവണയായും മൂന്നു ഗഡുക്കളായും അടക്കാൻ സൗകര്യമൊരുക്കിയിരുന്നു. തവണകളായി പണമടക്കുന്ന രീതി തെരഞ്ഞെടുത്തവർ അവസാന ഗഡുവായ നാൽപതു ശതമാനം വെള്ളിയാഴ്ചയോടെ അടക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ആഭ്യന്തര ഹജ്ജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും മിനായിലും അറഫയിലും തമ്പുകൾ സജ്ജീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. തമ്പുകളുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്നും ആവശ്യമായ പ്രതിരോധ, മുൻകരുതൽ നടപടികൾ നടപ്പാക്കണമെന്നും സിവിൽ ഡിഫൻസും ബന്ധപ്പെട്ട വകുപ്പുകളും അറിയിച്ച സുരക്ഷാ വ്യവസ്ഥകൾ പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ഹജ്ജ് സർവീസ് കമ്പനികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഇത്തവണ നാലു പ്രധാന പാക്കേജുകളാണുള്ളത്. തീർത്ഥാടകർക്ക് സുഖപ്രദവും ഉയർന്ന നിലവാരവുമുള്ള സേവനങ്ങൾ നൽകാനായി മിനായിൽ വികസിപ്പിച്ച തമ്പുകളിൽ പങ്കിട്ട താമസ സൗകര്യം നൽകുന്ന ആദ്യ പാക്കേജിൽ 10,366 റിയാൽ മുതലാണ് നിരക്കുകൾ. പങ്കിട്ട താമസ സൗകര്യത്തോടുകൂടിയ ഹോസ്പിറ്റാലിറ്റി തമ്പുകളിൽ താമസസൗകര്യം നൽകുന്ന രണ്ടാമത്തെ പാക്കേജിൽ 8,092 റിയാൽ മുതലാണ് നിരക്കുകൾ. മിനായിൽ ജംറ പാലത്തിനടുത്തുള്ള ബഹുനില ടവറുകളിൽ താമസസൗകര്യം നൽകുന്ന മൂന്നാമത്തെ പാക്കേജിൽ 13,150 റിയാൽ മുതലാണ് നിരക്കുകൾ. കിദാന അൽവാദി ടവറുകളിൽ താമസസൗകര്യം നൽകുന്നതാണ് നാലാമത്തെ പാക്കേജ്. നൂതന സൗകര്യങ്ങളും വ്യക്തിഗത സേവനങ്ങളും ഭക്ഷണവും പങ്കിട്ട താമസ സൗകര്യങ്ങളും ലഭിക്കുന്ന ഈ പാക്കേജിൽ 12,537 റിയാൽ മുതലാണ് നിരക്കുകൾ. ഗതാഗത ചെലവുകൾ കൂടാതെയുള്ള നിരക്കുകളാണിവ.