ദുബൈ– അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ദുബൈയില്‍ നടന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഓണാഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്തെ വിലക്കയറ്റം മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. വിപണിയില്‍ ഇടപെടുന്നതില്‍ നിലവിലെ സര്‍ക്കാര്‍ പരാജയമാണ്. ഇത് മറികടക്കാൻ പൈങ്കിളി കഥകൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, വി.ഡി. സതീശൻ വ്യക്തമാക്കി.
അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പുറത്തു വരുന്നുണ്ടെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഗവണ്മെന്റ് തയ്യാറാകുന്നില്ല. പകരം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാനാണ് അവർ ശ്രമിക്കുന്നത്.കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തു വരാനുണ്ട്. ബിജെപിക്ക് എതിരായ വാര്‍ത്തകള്‍ വന്നതുപോലെ സിപിഎമ്മിന് എതിരെയുമുള്ള സത്യങ്ങൾ പുറത്തുവരുമെന്നും സതീശൻ അറിയിച്ചു.
വീണ്ടും ജനങ്ങളുടെ മനസ്സാക്ഷി കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുമെന്നും ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.