ജിദ്ദ – മേഖലാ സംഘര്‍ഷം മൂലം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട് സൗദി എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഗള്‍ഫ് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ആതിഥേയത്വം നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അവതരിപ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാജാവിന്റെ നിര്‍ദേശം. സൗദി വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ആതിഥേയത്വം നല്‍കണമെന്നും, അവര്‍ക്ക് ആതിഥേയത്വം വഹിക്കാനും ആദരിക്കാനുമുള്ള എല്ലാ നടപടിക്രമങ്ങളും തയ്യാറാക്കണമെന്നും, സുരക്ഷിതവും മാന്യവും ആദരണീയവുമായ മടക്കയാത്രക്ക് ഉചിതമായ സാഹചര്യങ്ങള്‍ ഒരുങ്ങുന്നതുവരെ അവരുടെ രണ്ടാമത്തെ രാജ്യമായ സൗദിയിലെ കുടുംബങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും ഇടയില്‍ ആശ്വാസത്തോടെ കഴിയുന്നതിന് എല്ലാ മാര്‍ഗങ്ങളും ഒരുക്കണമെന്നും രാജാവ് നിര്‍ദേശിച്ചു. ഇത് ഉടനടി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും രാജാവ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



