പ്രവാസി കേരളീയർക്കായി നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങി കേരള സർക്കാർ. നോർക്ക റൂട്ട്സ് മുഖേനയാണ് സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുക. കേരളത്തിലെ പ്രവാസികൾക്ക് സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രവാസി ക്ഷേമത്തിനുള്ള പുതിയ ചുവടുവെപ്പാണ് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി. ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
ഒരു വ്യക്തിക്ക് 7965 രൂപയാണ് ഇൻഷുറൻസ് പ്രീമിയം. ഒരു കുട്ടിക്ക് (25 വയസ്സിൽ താഴെയുള്ള) അധികമായി 4130 രൂപയുമാണ്. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് 13,275 രൂപയുമാണ് ഇൻഷുറൻസ് പ്രീമിയം.
എന്താണ് നോർക്ക കെയർ പദ്ധതി
കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിട്ടുള്ള സമഗ്രആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷയാണ് നോർക്ക കെയർ. വിദേശ രാജ്യങ്ങളിലെ പ്രവാസി കേരളീയർക്കായുളള നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാർഡുള്ളവർക്കും, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എൻ.ആർ.കെ ഇൻഷുറൻസ് കാർഡുളള പ്രവാസി കേരളീയർക്കും നോർക്ക കെയർ പ്രയോജനപ്പെടുത്താൻ സാധിക്കും.
നോർക്ക കെയർ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ഇൻഷുറൻസ് തുകയുടെ 1% റൂം റെന്റിന്, ഐസിയു ചാർജുകൾക്ക് 2 %, പ്രീ ഹോസ്പിറ്റലൈസേഷന്റെ 30 ദിവസത്തെ ചെലവുകൾ, ആശുപത്രിയിൽ ആയതിനുശേഷമുള്ള 60 ദിവസത്തെ ചെലവുകൾ എന്നിവയാണ് നോർക്ക കെയർ ആനുകൂല്യങ്ങൾ. ഡേ കെയർ ചികിത്സകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇൻഷുറൻസ് പരിധിയിൽ വരുന്നത് എന്തൊക്കെ?
. മരണം: 100% ക്യാപിറ്റൽ ഇൻഷുറൻസ് തുക + (ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയ്ക്കകത്ത് : 25,000/വിദേശത്ത് നിന്നും : 250,000/)
. സ്ഥിരമോ പൂർണ്ണമോ ആയ ശാരീരിക വൈകല്യം : 100%
. സ്ഥിരമോ ഭാഗികമോ ആയ ശാരീരിക വൈകല്യം: പോളിസി ഷെഡ്യൂൾ പ്രകാരം
ആരോഗ്യ ഇൻഷുറൻസ് -ഗ്രൂപ്പ് മെഡിക്ലെയിം പോളിസി
ഇൻഷുറൻസ് പരിരക്ഷാ: ₹5,00,000 (രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ)
ഫാമിലി ഫ്ലോട്ടർ
(സ്വയം + ഭർത്താവ്,ഭാര്യ + 25 വയസ്സുവരെയുള്ള രണ്ടു മക്കൾ)
പ്രായപരിധി : പരമാവധി 70 വയസ്സുവരെയുള്ളവർക്ക്
പോളിസിയുടെ കാലാവധി : 1 വർഷം
നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ ലഭിക്കുന്നതായിരിക്കും. ക്ലെയിം സമർപ്പിക്കാൻ 60 ദിവസം വരെ സമയം ലഭിക്കും. സാധുവായ നോർക്ക പ്രവാസി ഐഡി കാർഡ് ഉള്ള പ്രവാസി കേരളീയർ, വിദേശത്ത് പഠിക്കുന്ന നോർക്ക സ്റ്റുഡൻ്റ് ഐഡി കാർഡ് ഉള്ള പ്രവാസി കേരളീയർ, കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ സാധുവായ NRK ഇൻഷുറൻസ് കാർഡ് ഉള്ള കേരളീയർ എന്നിവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇന്ത്യയിലുടനീളം 12000 ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സയും ലഭ്യമാണ്.
നോർക്ക ഐഡി കാർഡിനും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിക്കുമുള്ള അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കുമായി www.norkaroots.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.