കുവൈത്ത് സിറ്റി – ഇസ്രായിൽ അറസ്റ്റ് ചെയ്ത ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലയിലെ സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു കുവൈത്തികളില്‍ രണ്ടു പേരെ ഇസ്രായില്‍ മോചിപ്പിച്ചു.
തുര്‍ക്കിയിലെത്തിയ ഇവര്‍ കുവൈത്തിലേക്കുള്ള മടക്കയാത്രയിലാണെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. മൂന്നാമത്തെ പൗരന്റെ മോചനത്തിനു വേണ്ടി നടപടികൾ സ്വീകരിച്ചു വരികയാണ്.
ഡോ. മുഹമ്മദ് ജമാലും ഇദ്ദേഹത്തിന്റെ മകന്‍ അഡ്വ. അബ്ദുല്ല അല്‍മുതവ്വയും എന്നിവരെയാണ് ഇസ്രായിൽ വിട്ടയച്ചത്. അഡ്വ. ഖാലിദ് അല്‍അബ്ദുല്‍ഖാദിർ എന്ന പൗരനെയാണ് ഇസ്രായിൽ വിട്ടയക്കാനുള്ളത്. ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് പിടിച്ചെടുത്തത് മുതൽ ഇവരുടെ മോചനത്തിനായി കുവൈത്ത് പ്രവർത്തിച്ചിട്ടുണ്ടെന്ന് വിദേശ മന്ത്രി അബ്ദുല്ല അല്‍യഹ്‌യ പറഞ്ഞു. അല്‍അബ്ദുല്‍ഖാദിറിന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ മോചിതരായ മുഹമ്മദ് ജമാലും, മകന്‍ അഡ്വ. അബ്ദുല്ല അല്‍മുതവ്വയും ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷിതാരാണെന്നും മന്ത്രി വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മോചനത്തിന് സഹകരിച്ച ബഹ്റൈന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങൾക്ക് കുവൈത്ത് നന്ദിയും അറിയിച്ചു.
ഇസ്രായിൽ അറസ്റ്റ് ചെയ്ത 400 ലധികം പേരിൽ 137 പേരെയാണ് വിട്ടയച്ചത്. ഇവരിൽ 36 തുര്‍ക്കി പൗരന്മാർ അടക്കം, കുവൈത്ത്, അമേരിക്ക, യു.എ.ഇ, അള്‍ജീരിയ, മൊറോക്കോ, ഇറ്റലി, ലിബിയ, മലേഷ്യ, മൗറിത്താനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, തുനീഷ്യ, ജോര്‍ദാന്‍ രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകളുമുണ്ട്. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിൽ ഇസ്താംബൂളിലാണ് എല്ലാവരെയും എത്തിച്ചിരിക്കുന്നത്.