മനാമ– ബഹ്റൈനിലെ സാറിലെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. പുക ശ്വസിച്ചതാണ് മരണ കാരണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയെ ഉടൻ നാഷനൽ ആംബുലൻസ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാർ പ്രൈമറി ഗേൾസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സൈനബ് അൻവർ മക്കി ഹസ്സൻ എന്ന പെൺകുട്ടിയാണ് മരിച്ചത്.
പുക ശ്വസിച്ചതിനെ തുടർന്നു അമ്മയെയും സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു. പെൺകുട്ടിയുടെ മറ്റു മൂന്നു സഹോദരിമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അടുത്തിടെയാണ് മാതാപിതാക്കളും നാലു പെൺകുട്ടികളും ഒരു മകനും അടങ്ങുന്ന കുടുംബം ഈ വീട്ടിലേക്ക് മാറിയത്. തീപിടുത്തം ഉണ്ടായ സമയം പിതാവ് പുറത്തായിരുന്നു. ഒന്നാം നിലയിൽ നിന്നായിരുന്നു തീ ആളിപ്പടർന്നത്. ഉടനെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വന്നു അമ്മയെയും മകനെയും രക്ഷിച്ചെങ്കിലും പെൺകുട്ടി കുടുങ്ങിപ്പോയതിനാൽ രക്ഷിക്കാൻ ആയിരുന്നില്ല.
സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് ബിൻ മുബാറക്ക് ജുമാ പിതാവിനെ വിളിച്ച് അനുശോചനം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു.