ദുബൈ– പുതുതായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ചാർജ് പുനർനിർണയിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നേരത്തെയുള്ള ഫീസിനേക്കാൾ 20-25 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈസൻസ് എടുക്കുന്നതിന് പുതുക്കിയ ഫീസ് പ്രകാരം 810 രൂപയാണ് ചിലവ്.
ബൈക്കിനും കാറിനും പഠന പെർമിറ്റിന് 100 ദിർഹം, ഹെവി വാഹനങ്ങൾക്ക് 200 ദിർഹം, ട്രാഫിക് ഫയൽ തുറക്കാൻ 200 ദിർഹവുമാണ് പുതുക്കിയ നിരക്ക്. ഡ്രൈവിംഗ് മാർഗനിർദേശങ്ങൾ ഉൾപ്പെടുന്ന ഗൈഡിന് 50 ദിർഹം, ഇന്നവേഷൻ ആൻഡ് നോളജ് ഫീസ് 20 ദിർഹം, നേത്രപരിശോധനയ്ക്ക് 140 മുതൽ 180 ദിർഹം വരെയും ചിലവാകും.
ലൈസൻസിന് അപേക്ഷിക്കുന്നവരുടെ പ്രായത്തിന് അനുസരിച്ചും ഫീസിൽ വ്യത്യാസമുണ്ട്. 21 വയസ്സിനു താഴെയുള്ളവർക്ക് 100 ദിർഹവും അതിന് മുകളിൽ പ്രായമുള്ളവർക്ക് 300 ദിർഹവുമാണ് ഫീസ്. നിലവിലുള്ള ഓട്ടമാറ്റിക് ഗിയർ ഡ്രൈവിംഗ് ലൈസൻസ് സാധാരണ ഗിയർ ലൈസൻസാക്കി മാറ്റാൻ 220 ദിർഹവും നിലവിലുള്ള ലൈസൻസിൽ പുതിയ ലൈസൻസ് കൂട്ടിച്ചേർക്കുന്നതിനും 220 ദിർവുമാണ് ഫീസ്.
റോഡ് ടെസ്റ്റ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ലൈസൻസ് എടുക്കാത്തവർക്ക് വീണ്ടും 200 ദിർഹം നൽകി പുതിയ ഫയൽ തുറക്കണം. അപേക്ഷയ്ക്ക് 100, ടെസ്റ്റിന് 200, ലൈസൻസ് ഇഷ്യുവിന് 300, ഗൈഡിനായി 50, ഇന്നവേഷൻ ഫീസ് 20 ദിർഹം എന്നിങ്ങനെ നൽകേണ്ടിവരും.
ഇതു കൂടാതെ റദ്ദായതോ പിടിച്ചെടുത്തതോ ആയ ലൈസൻസ് പുതുക്കുന്നതിനായി 200 ദിർഹം ടെസ്റ്റ് ഫീസും, 200 ദിർഹം ഫയൽ ഓപ്പണിങ്ങിനും, 100 ദിർഹം അപേക്ഷയ്ക്കും നൽകണം. കൂടാതെ 3000 ദിർഹം പിഴയുമുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നൽകുന്ന ഫീസ് ഇതിൽപ്പെടില്ല.