റിയാദ്– ഏപ്രിൽ മാസത്തിലെ വായനാനുഭവങ്ങൾ പങ്കുവെക്കുന്നതിനായി ‘ചില്ല റിയാദ്’ സംഘടിപ്പിച്ച വായനക്കൂട്ടം ശ്രദ്ധേയമായി. ബാബു എബ്രഹാമിന്റെ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം അവതരിപ്പിച്ചുകൊണ്ട് മൂസ കൊമ്പനാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. അനാഥാലയത്തിലെയും ഹോട്ടലുകളിലെയും ദുരിതം പിടിച്ച ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറിയ ബാബു എബ്രഹാമിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ജീവിതത്തിന്റെ കഠിനമായ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ച ‘നന്ദിക്കുന്നേൽ മേരി’ എന്ന അമ്മയുടെ കരുത്താണ് ഈ കൃതിയുടെ ആധാരശക്തിയെന്ന് മൂസ കൊമ്പൻ അഭിപ്രായപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ മാർക്കസ് സുസാക് രചിച്ച ‘ദി ബുക്ക് തീഫ്’ എന്ന വിശ്വപ്രസിദ്ധ നോവലിനെക്കുറിച്ച് സ്നിഗ്ദ വിപിൻ സംസാരിച്ചു. മരണം തന്നെ കഥാകാരനായി എത്തുന്ന ഈ നോവൽ, ലീസൽ മെമിംഗർ എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ മനുഷ്യന്റെ ക്രൂരതയെയും ദയയെയും പ്രണയത്തെയും കുറിച്ച് ആഴത്തിൽ സംവദിക്കുന്നു. ഹിറ്റ്‌ലറുടെ ഭരണകാലത്ത് സാധാരണ മനുഷ്യർ അനുഭവിച്ച യാതനകൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച സ്നിഗ്ദയുടെ വായനാനുഭവം സദസ്സിനെ വികാരാധീനമാക്കി.
ജി. ആർ. ഇന്ദുഗോപന്റെ ‘ആനോ’ എന്ന നോവലിനെക്കുറിച്ച് ശശി കാട്ടൂർ വിവരിച്ചു. അഞ്ഞൂറു വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നിന്ന് പോർച്ചുഗൽ വഴി റോമിലെത്തിയ ഒരു ആനക്കുട്ടിയുടെയും അതിന്റെ സഹയാത്രികരുടെയും അതിശയകരമായ കഥയാണിത്. ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ വിശ്വപ്രസിദ്ധ കലാകാരന്മാർക്കൊപ്പം താമസിച്ച ഈ ആന മാർപാപ്പയുടെ ഓമനയായി മാറിയ ചരിത്രവും ഭാവനയും ചേർന്ന വായനാനുഭവം ശശി കാട്ടൂർ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.
സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ. ശങ്കരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി എൻ. രാമകൃഷ്ണൻ രചിച്ച ‘എൻ. ശങ്കരയ്യ: ജീവിതവും പ്രസ്ഥാനവും’ എന്ന പുസ്തകം സതീഷ് കുമാർ വളവിൽ പരിചയപ്പെടുത്തി. തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ശങ്കരയ്യ വഹിച്ച പങ്കും അദ്ദേഹത്തിന്റെ ദീർഘകാല ജയിൽവാസവും ഒളിവുജീവിതവും സതീഷ് വിവരിച്ചു. ഇന്നും രാഷ്ട്രീയ പ്രവർത്തകർക്ക് ഊർജ്ജം നൽകുന്നതാണ് ശങ്കരയ്യയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകാവതരണങ്ങൾക്ക് ശേഷം സീബ കൂവോട് ചർച്ചകൾക്ക് തുടക്കം കുറിച്ചു. നജീം കൊച്ചുകലുങ്ക്, നാസർ കാരക്കുന്ന്, സബീന എം. സാലി, അനിത്ര ജ്യോമി, രാജേഷ് ഓണക്കുന്ന്, അനസ്, അജിത രാജേഷ്, സുനിൽ സുലൈ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിക്കുകയും സുരേഷ് ലാൽ മോഡറേറ്ററായി പ്രവർത്തിക്കുകയും ചെയ്തു.



