ദുബൈ – ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികൾ തമ്മിൽ നടന്ന പോരാട്ടത്തിൽ യുഎഇക്ക് ജയം. ബഹ്റൈനിന് എതിരെ ഏകപക്ഷീയമായ ഒരൊറ്റ ഗോളിനായിരുന്നു ആതിഥേയരുടെ വിജയം. മത്സരത്തിന്റെ 24 മിനുറ്റിൽ മാർട്ടിൻസ് പെരേരയുടെ ഗോളിലാണ് യുഎഇ വിജയം പിടിച്ചെടുത്തത്.ബ്രസീലിൽ ജനിച്ചു വളർന്നു താരം യുഎഇക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്. ഈ വിജയം അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതക്ക് പ്രതീക്ഷകൾ ഏറെ നൽകും.
മറ്റൊരു മത്സരത്തിൽ സൗദി അറേബ്യ യൂറോപ്യൻ ശക്തരായ ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ കുരുക്കി. ചെക്ക് റിപ്പബ്ലിക്കിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് പിരിയുകയായിരുന്നു. ഇരുപത്തിയൊന്നാം മിനുറ്റിൽ ടോമാസ് ചോറിയുടെ ഗോളിൽ മുന്നിലെത്തിയ ആതിഥേയർക്ക് എതിരെ അവസാന നിമിഷത്തിലാണ് സമനില നേടിയത്. 90 മിനുറ്റും കഴിഞ്ഞു ഇഞ്ചുറി സമയത്ത് അബ്ദുൾറഹ്മാൻ അൽ-ഹംദാൻ നേടിയ ഗോളിലാണ് യൂറോപ്യൻ ശക്തരെ പിടിച്ചു കെട്ടിയത്. മത്സരത്തിന്റെ അധിക സമയവും സൗദി തന്നെയായിരുന്നു മികച്ച കളി പുറത്തെടുത്തത്.