കുവൈത്ത് സിറ്റി – കുവൈത്തില്‍ വിദഗ്ധ തൊഴിലാളികളായ പ്രവാസികളെ സ്‌പോണ്‍സര്‍ ഇല്ലാതെ സ്വന്തം നിലക്ക് ചെറുകിട ബിസിനസുകള്‍ തുറക്കാന്‍ അനുവദിക്കുന്ന ഫ്രീലാന്‍സ് ഇഖാമ സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് വെളിപ്പെടുത്തി.
ഫ്രീലാന്‍സ് ഇഖാമക്ക് പ്രവാസികള്‍ 800 കുവൈത്തി ദീനാര്‍ മുതല്‍ 1,000 കുവൈത്തി ദീനാര്‍ വരെ വാര്‍ഷിക ഫീസ് അടക്കേണ്ടിവരുമെന്ന്, സ്വകാര്യ വ്യവസായികളുടെ പങ്കാളിത്തത്തോടെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് പറഞ്ഞു. വിസ കച്ചവടത്തിനെതിരെ പോരാടാനാണ് ഫ്രീലാന്‍സ് ഇഖാമ സംവിധാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജോലി വാഗ്ദാനം ചെയ്യാത്ത കമ്പനികളില്‍ നിന്ന് ഇഖാമ ലഭിക്കാന്‍ പ്രവാസികള്‍ക്ക് പ്രതിവര്‍ഷം നൂറുകണക്കിന് ദിനാര്‍ നല്‍കേണ്ടിവരുന്നു. വിസ കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നതിനു പകരം, ഫ്രീലാന്‍സ് ഇഖാമക്ക് സര്‍ക്കാരിന് 800 കുവൈത്തി ദീനാര്‍ മുതല്‍ 1,000 കുവൈത്തി ദീനാര്‍ അടച്ചാല്‍ മതിയാകും. ഈ സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയേക്കും.
നിയമപരമായ സ്‌പോണ്‍സര്‍മാര്‍ ഒഴികെയുള്ള തൊഴിലുടമകള്‍ക്കായി ജോലി ചെയ്തത് അടക്കം തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 39,000 പ്രവാസി തൊഴിലാളികളെ അധികൃതര്‍ കുവൈത്തില്‍ നിന്ന് നാടുകടത്തി. സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് ആവശ്യമായത്ര പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ അനുവദിക്കണമെന്ന് മന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ നിയമ ലംഘനം നടത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയമം ലംഘിച്ചതിന് ഏകദേശം 3,000 സ്വകാര്യ മേഖലാ കമ്പനികള്‍ അധികൃതര്‍ അടച്ചുപൂട്ടിയിട്ടുണ്ട്.
18 വയസ്സിന് താഴെയുള്ള കുട്ടികളെ അച്ഛനോ അമ്മയോ വെവ്വേറെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്ന് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹ് പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ വേതനം നല്‍കുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നത് ഒരിക്കലും അനുവദിക്കില്ല. ഏത് സാഹചര്യത്തിലും ശമ്പളം എല്ലാ മാസവും കൃത്യമായി നല്‍കണം. ഏത് രാജ്യത്തുനിന്നുള്ളവരും ജോലിക്കായി കുവൈത്തിലേക്ക് വരുന്നതിനോട് കുവൈത്തിന് എതിര്‍പ്പില്ല. എന്നാല്‍ തൊഴിലുടമകള്‍ അവരുടെ തൊഴിലാളികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം വഹിക്കണം. നിയമ വിരുദ്ധമായി വിദേശികള്‍ക്ക് സ്വന്തം നിലക്ക് ബിസിനസുകള്‍ നടത്താന്‍ കൂട്ടുനില്‍ക്കുന്നതിന് എതിരെ ആഭ്യന്തര മന്ത്രി സ്വദേശി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു കേസില്‍ കുവൈത്തി പൗരനെ ജയിലില്‍ അടച്ചു. നിയമ വിരുദ്ധമായി ബിസിനസ് സ്ഥാപനം നടത്താന്‍ പ്രവാസിക്ക് കൂട്ടുനിന്ന കുവൈത്തി പൗരന് പ്രതിമാരം 12,000 കുവൈത്തി ദീനാര്‍ വീതമാണ് ലഭിച്ചിരുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ യഥാര്‍ഥ ഗുണഭോക്താവായ പ്രവാസി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും ഏകദേശം 10 കോടി ദീനാര്‍ വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്‌മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരാളും ഒരു സ്ഥാപനവും നിയമത്തിന് മുകളിലല്ല. സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴില്‍ വിപണിയിലും സ്വകാര്യ മേഖലയിലും ഉള്ള നെഗറ്റീവ് രീതികള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് പറഞ്ഞു. ചെറുകിട ബിസിനസുകള്‍, സര്‍ക്കാര്‍ കരാറുകള്‍ നടപ്പാക്കുന്ന കമ്പനികള്‍ അടക്കം എല്ലാ ബിസിനസ്സ് മേഖലകള്‍ക്കിടയിലും പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുന്നതിനെ കുറിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അതോറിറ്റി മേധാവി റബാബ് അല്‍ഉസൈമി യോഗത്തില്‍ പറഞ്ഞു.



