ന്യൂഡൽഹി– ദുബൈയിലുള്ള ഒരു ട്രേഡിങ് ടെർമിനലുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ദിർഹം തട്ടിച്ചെടുത്ത കേസിൽ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ട്രേഡിംഗ് ചീഫ് ആയ വിരേഷ് ജോഷിയെ ഇന്ത്യയിലെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് ജൂലൈ 2ന് അറസ്റ്റ് നടന്നതെന്ന് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
സവിശേഷമായ ട്രേഡിംഗ് വിവരങ്ങൾ ഉപയോഗപ്പെടുത്തി 2018 മുതൽ 2021 വരെ ഫ്രണ്ട്-റണ്ണിംഗ് നടത്തി ഇയാൾ നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി. രാജ്യവ്യാപകമായി മുംബൈ, ഡൽഹി, ഗുരുഗ്രാം, ലുധിയാന, അഹമ്മദാബാദ്, ഭുജ്, ഭാവ്നഗർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലായി ഓഗസ്റ്റ് 1നും 2നും നടത്തിയ റെയ്ഡിന്റെ ഭാഗമായി ജോഷിയെ പിടികൂടുകയായിരുന്നു. റെയ്ഡുകൾക്കിടെ ഏകദേശം 7.4 മില്യൺ യുഎഇ ദിർഹം(16.8 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള മ്യൂച്വൽ ഫണ്ടുകളും ഷെയറുകളും ബാങ്ക് ബാലൻസുകളും ചേർന്ന ആസ്തികൾ ഇ.ഡി ഫ്രീസ് ചെയ്തു.
ആക്സിസ് മ്യൂച്വൽ ഫണ്ട്, ഇന്ത്യയിലെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് സ്ഥാപനങ്ങളിൽ ഒന്നായ ആക്സിസ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമാണ്. സ്ഥാപനത്തിന് 85 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള റീട്ടെയിൽ, ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപങ്ങളുടെ മാനേജ്മെന്റ് ചുമതലയുണ്ട്.
ഇ.ഡിയുടെ അന്വേഷണ പ്രകാരം, ജോശി പരസ്യമായി വ്യാപാര വിവരങ്ങൾ ബ്രോക്കർമാരുമായി പങ്കുവച്ചതും, അവർക്ക് ദുബൈയിൽ നിന്നുള്ള ട്രേഡിംഗ് ടെർമിനലിലൂടെ ഇടപാടുകൾ നടത്താൻ അനുവദിച്ചതുമായി കണ്ടെത്തി. ഇതിന് മറുപടിയായി ജോഷിക്ക് വലിയ രീതിയിലുള്ള സാമ്പത്തികമായ പാരിതോഷങ്ങൾ ലഭിച്ചു. ഈ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് യുകെയിൽ സ്വത്ത് വാങ്ങാനും, ഇന്ത്യയിൽ ഫിക്‌സ്‌ഡ് ഡെപ്പോസിറ്റുകളും മറ്റ് നിക്ഷേപങ്ങളും നടത്തിയതായും ഇ.ഡി വെളിപ്പെടുത്തി.
ദുബൈ ആസ്ഥാനമായുള്ള ജിക്വാണ്ട് ഇൻവെസ്റ്റ് ടെക് (GQuant Investech) സ്ഥാപകനും മുതിർന്ന നിക്ഷേപകനുമായ ശങ്കർ ശർമ, ഈ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖലീജ് ടൈംസിനോട് പറഞ്ഞു. “മാർക്കറ്റിൽ നിഷ്പക്ഷതയും നിക്ഷേപകരുടെ വിശ്വാസവും നിലനിർത്തുന്നതിന് ഇത്തരം ലംഘനങ്ങൾക്ക് കർശനമായ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രണ്ട്-റണ്ണിംഗ് എന്നത് വിപണിയിൽ അകറ്റേണ്ടതായുള്ള നിയമവിരുദ്ധമായ രീതിയാണ്. വലിയ ക്ലയന്റ് ഇടപാടുകളെക്കുറിച്ചുള്ള മുൻകൂർ വിവരം ഉപയോഗിച്ച് സ്വന്തം ലാഭത്തിന് വേണ്ടി ട്രേഡ് നടത്തുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നതും ഗുരുതരമായ നിയമലംഘനവുമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.