മനാമ- ഇറാന്റെ റെവല്യൂഷണറി ഗാർഡിന് വേണ്ടി ചാരപ്രവർത്തനം നടത്തിയ കേസിൽ അഞ്ച് പേർക്ക് ബഹ്‌റൈൻ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രാജ്യത്ത് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സുപ്രധാന വിവരങ്ങൾ ചോർത്താനും വിദേശ ഏജൻസികളെ സഹായിച്ചതിനാണ് ശിക്ഷ. രണ്ട് അഫ്ഗാൻ പൗരന്മാരും നാല് ബഹ്‌റൈൻ പൗരന്മാരുമാണ് ആകെ വിചാരണ നേരിട്ടത്. ഇതിൽ അഞ്ച് പ്രതികളെ ഹൈ ക്രിമിനൽ കോടതി ശിക്ഷിക്കുകയും ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ശിക്ഷാ കാലാവധിക്ക് ശേഷം അഫ്ഗാൻ പൗരന്മാരെ നാടുകടത്താനും അവർ ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
രണ്ട് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾക്കെതിരെ നടപടിയെടുത്തത്. ആദ്യ കേസിൽ, റെവല്യൂഷണറി ഗാർഡ് റിക്രൂട്ട് ചെയ്ത അഫ്ഗാൻ പൗരൻ രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് ഇറാൻ ഏജൻസിക്ക് കൈമാറിയതായി കണ്ടെത്തി. ഇതിനായി ഇയാൾ മറ്റൊരു അഫ്ഗാൻ പൗരന്റെ സഹായവും തേടിയിരുന്നു. ഇന്റലിജൻസ് പ്രവർത്തനങ്ങൾക്കായി ഇവർക്ക് ഇറാനിൽ നിന്ന് പണം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിൽ, ഇറാനിലേക്ക് രക്ഷപ്പെട്ട ഒരു ബഹ്‌റൈൻ പൗരൻ വഴി രാജ്യത്തിനുള്ളിൽ ചാരപ്രവർത്തനം നടത്താൻ മൂന്ന് ബഹ്‌റൈൻ സ്വദേശികളെ റിക്രൂട്ട് ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്പര്യങ്ങൾക്കും വിരുദ്ധമായി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
വിശദമായ അന്വേഷണത്തിനും കൃത്യമായ നിയമനടപടികൾക്കും ശേഷമാണ് പ്രോസിക്യൂഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഒരാളെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. വിദേശ ഏജൻസികൾക്ക് വേണ്ടി ചാരവൃത്തി നടത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റമാണെന്നും ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



