കുവൈത്ത് സിറ്റി– കുവൈത്തിലെ അൽ ജഹ്‌റ ആശുപത്രിയിൽ തീപിടിത്തമുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടമുണ്ടായ ഉടൻ തന്നെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതിനാൽ പരുക്കുകളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ആശുപത്രിയിലെ ഇലക്ട്രിക്കൽ റൂം കത്തി നശിച്ചതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എയർ കണ്ടീഷനറിങ് വെന്റുകൾ വഴി ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലൂടെ പുക പടരുകയായിരുന്നു. ഉടൻ ഓട്ടോമാറ്റിക് സ്പ്രിങ്‌ലർ സിസ്റ്റം പ്രവർത്തനക്ഷമമാക്കി. സംഭവസ്ഥലം ആരോഗ്യ- വാർത്താവിനിമയ മന്ത്രി അബ്ദുറഹ്‌മാൻ അൽ മുതൈരി സന്ദർശിച്ചു. കുവൈത്ത് അഗ്നിരക്ഷാ സേനയായ (കെഎഫ്എഫ്), ആഭ്യന്തര മന്ത്രാലയം, ആരോഗ്യ പ്രവർത്തകർ, എന്നിവരുടെ സമയോചിതമായ ഇടപെടലിനെ ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group