ജിദ്ദ: ചെങ്കടലിൽ വിന്യസിച്ച അമേരിക്കൻ വിമാനവാഹിനി കപ്പലായ ഹാരി എസ്. ട്രൂമാന്റെ റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യു.എസ് എഫ്18 യുദ്ധവിമാനം കാണാതായതായി രണ്ടു അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഇത്തരത്തിൽ പെട്ട രണ്ടാമത്തെ സംഭവമാണിത്.
വിമാനവാഹിനി കപ്പലിൽ ലാൻഡ് ചെയ്തതിനു ശേഷം വിമാനത്തിന് ശരിയായി നിർത്താൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം വെള്ളത്തിലേക്ക് പതിക്കുന്നതിന് മുമ്പ് രണ്ടു പൈലറ്റുമാരും പുറത്തേക്ക് ചാടിയെന്നും റെസ്‌ക്യൂ ഹെലികോപ്റ്റർ അവരെ രക്ഷപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
പൈലറ്റുമാർക്ക് നിസാര പരിക്കേറ്റതായും റൺവേയിൽ ജോലി ചെയ്തിരുന്ന ആർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. യെമനിലെ ഹൂത്തി വിമതർക്കെതിരായ അമേരിക്കൻ ആക്രമണങ്ങളെ സഹായിച്ച ഇതേ വിമാനവാഹിനി കപ്പലിൽ നിന്ന് കഴിഞ്ഞയാഴ്ച മറ്റൊരു യുദ്ധവിമാനം കടലിൽ പതിച്ചിരുന്നു. ഇത്തരം അപകടങ്ങൾ അപൂർവമാണ്. ഈയിനത്തിൽ പെട്ട അമേരിക്കൻ യുദ്ധവിമാനത്തിന് ആറു കോടി ഡോളറോ അതിൽ കൂടുതലോ വിലയുണ്ട്.