ജിദ്ദ – ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ 1,370 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ബാങ്കുകളും മണിഎക്‌സ്‌ചേഞ്ചുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വഴി പ്രവാസികള്‍ അയച്ച പണത്തില്‍ രണ്ടു ശതമാനം വര്‍ധന രേഖപ്പെടുത്തി.
2025 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഒക്‌ടോബറില്‍ പ്രവാസികള്‍ അയച്ച പണവും രണ്ടു ശതമാനം തോതില്‍ വര്‍ധിച്ചു. സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഒക്‌ടോബറില്‍ 31.4 കോടി റിയാല്‍ പ്രവാസികള്‍ അധികം അയച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ച പണം നാലു ശതമാനം തോതില്‍ വര്‍ധിച്ച് 660 കോടി റിയാലായതായും സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.



