ദുബൈ- പ്രവാസികളുടെ സ്വന്തം ‘റിയൽ ലൈഫ് ഗഫൂർക്ക’ തന്റെ 51 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. തിരിച്ചെത്തിയ അദ്ദേഹത്തിനായി നാട്ടിൽ ഒരുക്കിയ ഗംഭീര സ്വാഗത വിരുന്നിപ്പോൾ വൈറലായിരിക്കുകയാണ്. നിരവധി പേർക്ക് ജോലി തരപ്പെടുത്തി കൊടുക്കാനും തൊഴിൽ വിസ പ്രോസസ്സിംഗിന് സൗകര്യമൊരുക്കുകയും ചെയ്തു കൊടുത്ത വ്യക്തിയാണ് ഗഫൂർ. മലപ്പുറം ജില്ലയിലെ മരുതിൻചിറയാണ് അദ്ദേഹത്തിന്റെ സ്വദേശം.
നാടോടിക്കാറ്റ് എന്ന സിനിമയിൽ മാമുക്കോയ അവതരിപ്പിച്ച ഗഫൂർക്ക എന്ന കഥാപാത്രത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് പ്രവാസികൾ അദ്ദേഹത്തിന് ഈ പേര് സമ്മാനിച്ചത്. എന്നാൽ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തനാണ് 64 കാരനായ ഗഫൂർ. സിനിമയിലെ ഗഫൂർക്ക വഞ്ചകനാണെങ്കിൽ സത്യസന്ധമായ തന്റെ പെരുമാറ്റം കൊണ്ടും നിരവധി പേർക്ക് ജോലി നേടി കൊടുത്തും ‘റിയൽ ഗഫൂർ’ ജനഹൃദയം കീഴടക്കി.


സുഹൃത്തുക്കളും സഹപ്രവർത്തകരും വിരുന്നൊരുക്കി യാത്രയയച്ച ഗഫൂർക്കയെ സ്വീകരിക്കാൻ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി പേരാണ് എത്തിയത്. കെഎസ്ആർടിസി ബസിൽ ആനയിച്ചാണ് നാടായ മരുതിൻചിറയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയത്. ചെണ്ടമേളവും അനൗൺസ്‌മെന്റും ഒക്കെയായി നാട്ടുകാർ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ജീവിതയാത്ര കാണിക്കുന്ന ഒരു വിഡിയോയും പ്രദർശിപ്പിച്ചു.
തന്റെ ജീവിതത്തിൽ താൻ നേടിയതിനൊക്കെ പിന്നിൽ ദുബൈയിയായണെന്ന് ഗഫൂർ പറയുന്നു. നിരവധി പേർക്ക് ഉപജീവന മാർഗം നേടി കൊടുക്കാൻ തനിക്ക് സാധിച്ചതിന് പിന്നിലും യുഎഇയും ദുബൈയിയും ആണെന്നും അദ്ദേഹം പറഞ്ഞു.
1974 ൽ തന്റെ പതിമൂന്നാം വയസ്സിലാണ് ഗഫൂർ പിതാവിനോടൊപ്പം യുഎഇയിൽ എത്തുന്നത്. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിൽ വന്ന അദ്ദേഹം പിന്നീട് വിസ നേടി. ദുബൈയിൽ വന്നിറങ്ങിയ ശേഷം അജ്മാനിലെ പലചരക്ക് കടയിൽ പിതാവിനെ സഹായിക്കാൻ ആദ്യ വർഷങ്ങൾ ചെലവഴിച്ചു. പിന്നീട് അറബി ഭാഷ പഠിച്ച അദ്ദേഹം എഴുതാനും വായിക്കാനും പഠിച്ചു. 19ാം വയസ്സിൽ വിവാഹം കഴിഞ്ഞു. അബുദാബിയിലെ യുഎഇ സായുധ സേനയിൽ സിവിലിയൻ ജോലിയും ലഭിച്ചു. 1980 മുതൽ 1997 വരെ അദ്ദേഹം അവിടെ ജോലി ചെയ്തു.
പിന്നീട് ഒരു 8 മാസം ഡ്രൈവറായും ഗഫൂർ ജോലി ചെയ്തു. ആ സമയത്താണ് ജുമൈറ ബീച്ച് ഹോട്ടലിന്റെ പ്രോട്ടോക്കോൾ ഡയറക്ടർ അദ്ദേഹത്തിന്റെ വാഹനത്തിൽ കയറുന്നത്. ഗഫൂറിന്റെ അറബി ഭാഷയിൽ മതിപ്പു തോന്നിയ അദ്ദേഹം ഹോട്ടലിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ഗഫൂറിനെ നിയമിച്ചു. ഇതോടെ ഗഫൂറിന്റെ തലവര മാറി എന്നു പറയാം. പിന്നീട് ഉയർന്ന പദവികളിലേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. 189 രാജ്യങ്ങളിൽ നിന്നുമുള്ള വ്യത്യസ്ത ആളുകളുമായി ഇടപെടാനും അദ്ദേഹത്തിന് സാധിച്ചു. തന്റെ നാട്ടിലുള്ള തൊഴിലന്വേഷകരെ സഹായിക്കാനും അദ്ദേഹത്തിനായി.