കുവൈത്ത് സിറ്റി– പ്രവാസി തൊഴിലാളികൾ അതിഥികളാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും കുവൈത്ത്. ആഗോള മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനവ ശേഷി സമിതിയുടെ നേതൃത്വത്തിൽ അവന്യൂസ് മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്ത് ഉന്നത അധികാരികളാണ് നിയമപരിഷ്‌കരണം ഉണ്ടാവുമെന്ന് അറിയിച്ചത്.
30 ലക്ഷത്തോളം പ്രവാസി തൊഴിലാളികളാണ് കുവൈത്തിൽ താമസിക്കുന്നത്, അതിഥികളായ അവരുടെ അന്തസ്സും അവകാശവും സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് മനുഷ്യാവകാശ വകുപ്പ് ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി ശൈഖ ജവാഹിർ ഇബ്രാഹിം അൽദുഐജ് അൽസബാഹ് ചടങ്ങിൽ അറിയിച്ചു.
അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി താമസം, സ്വകാര്യ മേഖലയിലെ തൊഴിൽ, മനുഷ്യക്കടത്ത് വിരുദ്ധ നിയമങ്ങൾ തുടങ്ങിയവ പുന:പരിശോധിക്കുമെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വിവിധ മേഖലകളിലായി കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങളെ ബോധവത്കരിക്കൽ, തൊഴിലുടമകളുടെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ, സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിന് നിയമപരിരക്ഷയിൽ ഭരണകൂട പങ്ക് എന്നിവയെ കുറിച്ചും അവർ പ്രത്യേകം പരാമർശിച്ചു.