ജിദ്ദ – സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കമ്പനിയില്‍ പ്രൊജക്ട്‌സ് മാനേജറായി ജോലി ചെയ്യുന്ന പ്രവാസിയെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. 21.75 ലക്ഷം റിയാലാണ് ഇയാള്‍ കൈക്കൂലിയായി കൈപ്പറ്റിയത്. കമ്പനി സ്വന്തമായുള്ള രണ്ടു സൗദി പൗരന്മാരില്‍ നിന്നും മറ്റൊരു കമ്പനിയില്‍ എക്‌സിക്യൂട്ടീവ് മാനേജരായി ജോലി ചെയ്യുന്ന പ്രവാസിയില്‍ നിന്നുമാണ് പി.ഐ.എഫ് കമ്പനിക്കു കീഴിലെ കരാറുകള്‍ അനുവദിക്കുന്നതിന് പി.ഐ.എഫ് കമ്പനി പ്രൊജക്ട്‌സ് മാനേജറായ പ്രവാസി വന്‍തുക കൈക്കൂലി കൈപ്പറ്റിയത്. കേസില്‍ പ്രതികളായ സൗദി പൗരന്മാരെയും എക്‌സിക്യൂട്ടീവ് മാനേജരായ പ്രവാസിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവാസിയില്‍ നിന്ന് പതിനാലു ലക്ഷം റിയാല്‍ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെയും രണ്ടു സൗദി പൗരന്മാരെയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ക്രിമിനല്‍ കേസുകളില്‍ പിടിച്ചെടുത്ത പണത്തില്‍ നിന്ന് 21,60,000 റിയാല്‍ തട്ടിയെടുത്തതിന് വിരമിച്ച ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു. ഇവ അടക്കം അടുത്തിടെ കണ്ടെത്തിയ പ്രമാദമായ പതിനൊന്നു അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അതോറിറ്റി പരസ്യപ്പെടുത്തി.
ആരോഗ്യ വകുപ്പിനു കീഴിലെ രണ്ടു പദ്ധതികളുടെ ക്വാളിഫിക്കേഷന്‍, ടെന്‍ഡര്‍ നടപടികളില്‍ വഴിവിട്ട് സഹായിക്കുന്നതിന് സ്വകാര്യ കമ്പനിയില്‍ നിന്ന് അഞ്ചു ലക്ഷം റിയാല്‍ കൈക്കൂലി സ്വീകരിച്ച ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. 38,42,95,150 റിയാലിന്റെ കരാര്‍ അനുവദിക്കുന്നതിന് ഒരു കോടി റിയാല്‍ കൈക്കൂലി നല്‍കണമെന്നായിരുന്നു ധാരണ. ഇതില്‍ 45 ലക്ഷം റിയാല്‍ കമ്പനി സി.ഇ.ഒ നേരത്തെ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഡയറക്ടര്‍ ഓഫ് എന്‍ജിനീയറിംഗ് അഫയേഴ്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് എന്‍ജിനീയറിംഗ് അഫയേഴ്സ്, ആരോഗ്യ വകുപ്പിലെ ബിഡ്സ് ഇവാലുവേഷന്‍ കമ്മിറ്റി മേധാവി എന്നിവര്‍ക്കാണ് കമ്പനി സി.ഇ.ഒ 45 ലക്ഷം റിയാല്‍ കൈക്കൂലി കൈമാറിയത്. ഇവരെ എല്ലാവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിയമവിരുദ്ധമായി സൗദി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനും പകരമായി സൗദി പൗരനില്‍ നിന്ന് 8,50,000 റിയാല്‍ തവണകളായി കൈക്കൂലി സ്വീകരിച്ച സിവില്‍ സ്റ്റാറ്റസ് ഡിപ്പാര്‍ട്ട്മെന്റിലെ മൂന്ന് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഈ കേസില്‍ കൈക്കൂലി നല്‍കിയ സൗദി പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വികസിപ്പിക്കാത്ത ഭൂമിയുടെ ലൈസന്‍സുകള്‍, സൈറ്റ് പ്ലാനുകള്‍ എന്നിവ അനുവദിക്കുന്നത് സുഗമമാക്കാനും വേഗത്തിലാക്കാനുമായി എട്ടു ലക്ഷം റിയാല്‍ കൈക്കൂലി ആവശ്യപ്പെടുകയും ഇതില്‍ പെട്ട മൂന്നു ലക്ഷം റിയാല്‍ സ്വീകരിക്കുകയും ചെയ്ത നഗരസഭാ ഉദ്യോഗസ്ഥനും സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിന് വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനും അറസ്റ്റിലായി.
മുനിസിപ്പാലിറ്റിയുടെ കെട്ടിട നിര്‍മ്മാണ കരാര്‍ അനുവദിക്കുന്നതിന് പകരമായി സൗദി പൗരനില്‍ നിന്ന് 20,000 റിയാല്‍ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യോഗസ്ഥനെയും ഇദ്ദേഹത്തിന് കൈക്കൂലി നല്‍കിയ സൗദി പൗരനെയും അറസ്റ്റ് ചെയ്തു. ഇല്ലാത്ത കന്നുകാലികളുടെ വ്യാജ രജിസ്‌ട്രേഷനിലൂടെ ഫയലുകള്‍ തുറക്കുന്നതിനും കന്നുകാലി കാര്‍ഷിക സഹായത്തിനുള്ള യോഗ്യത അപ്ഡേറ്റ് ചെയ്യുന്നതിനും പകരമായി സൗദി പൗരന്മാരില്‍ നിന്ന് പണം സ്വീകരിച്ച പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ജീവനക്കാരനെയും മറ്റൊരു പ്രവാസിയെയും അറസ്റ്റ് ചെയ്തു.
കരാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസിയുമായി സഹകരിച്ച്, അനധികൃതമായി കെട്ടിട പെര്‍മിറ്റുകളും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിന് പകരമായി പണം സ്വീകരിച്ചതിന് മറ്റൊരു നഗരസഭാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതിയായ പ്രവാസിയും അറസ്റ്റിലായിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന പ്രവിശ്യാ വികസന അതോറിറ്റി കരാര്‍ നല്‍കിയ കമ്പനിയില്‍ ഭാര്യയെ ജോലിക്കെടുത്തതിനും ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പ്രതിമാസ ശമ്പളം കൈപ്പറ്റിയതിനും അതോറിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തതായും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും, വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പൊതുതാല്‍പ്പര്യത്തിന് ദോഷം വരുത്താനും തങ്ങളുടെ സ്ഥാനം ചൂഷണം ചെയ്യുന്നവരെയും അതോറിറ്റി നിരീക്ഷിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തുടരും. അഴിമതി കുറ്റകൃത്യങ്ങള്‍ കാലപ്പഴക്കം കൊണ്ട് ഇല്ലാതാകില്ലെന്നും നിയമലംഘകര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും കൂടാതെ നിയമനടപടികള്‍ പ്രയോഗിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതോറിറ്റി വ്യക്തമാക്കി.



