ദുബായ്: യു.എ.ഇയിൽ ഗതാഗത മേഖലയിലെ പ്രധാന നാഴികക്കല്ലായ പാസഞ്ചർ ട്രെയിൻ സർവീസ് സമാരംഭ തിയ്യതി ഇത്തിഹാദ് റെയിൽ അറിയിച്ചു. യു.എ.ഇയുടെ ദേശീയ റെയിൽവെ ശൃംഖലയുടെ പിന്നിലുള്ള കമ്പനിയായ ഇത്തിഹാദ് റെയിൽ, പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് വ്യക്തമാക്കി.
ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുതിയ ട്രെയിൻ സർവീസ് യാത്രാ സമയം ഗണ്യമായി കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കും. അബുദാബിക്കും ദുബായിക്കും ഇടയിൽ ഒരു ഹൈസ്പീഡ് ലിങ്കും ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വേഗതയേറിയതും കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത മാർഗം വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് യു.എ.ഇയിലുടനീളമുള്ള യാത്ര ഗണ്യമായി മെച്ചപ്പെടുത്തും.
അബുദാബി-സൗദി അറേബ്യ അതിർത്തിയിലെ ഗുവൈഫാത്ത് മുതൽ കിഴക്കൻ തീരത്തുള്ള ഫുജൈറ വരെ ഏഴു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള വിപുലീകൃത ശൃംഖല 2023-ലാണ് ഇത്തിഹാദ് റെയിൽ ആരംഭിച്ചത്. യു.എ.ഇയിലുടനീളം ഗുഡ്‌സ് ട്രെയിൻ സർവീസുകൾ ഇപ്പോൾ പൂർണമായും പ്രവർത്തനക്ഷമമാണ്. അബുദാബിയിലെ ഖലീഫ തുറമുഖം, ദുബായിലെ ജബൽ അലി തുറമുഖം, ഫുജൈറ തുറമുഖം, അബുദാബി ഇൻഡസ്ട്രിയൽ സിറ്റി, അൽറുവൈസ്, ഗുവൈഫാത്ത് എന്നിവയുൾപ്പെടെ പ്രധാന തുറമുഖങ്ങളെയും വ്യാവസായിക മേഖലകളെയും റെയിൽവേ ശൃംഖല ഇതിനകം ബന്ധിപ്പിക്കുന്നു. ഇത് ലോജിസ്റ്റിക്‌സും വ്യാപാര ശേഷിയും മെച്ചപ്പെടുത്തുന്നു.
അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് ജനുവരിയിൽ ഇത്തിഹാദ് റെയിൽ വെളിപ്പെടുത്തി. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന ഈ ട്രെയിൻ സർവീസ് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 30 മിനിറ്റായി കുറക്കും.
യാത്രക്കാർക്കും സന്ദർശകർക്കും തടസ്സമില്ലാത്ത കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്ന അതിവേഗ ലൈൻ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയും കടന്നുപോകും. ഈ പുതിയ പാതയുടെ വികസനത്തിനും പ്രവർത്തനത്തിനും ഇത്തിഹാദ് റെയിൽ മേൽനോട്ടം വഹിക്കും. അബുദാബിയിലെ റീം ദ്വീപ്, സാദിയാത്ത് ഐലൻഡ്, യാസ് ഐലൻഡ്, ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും അൽ ജദ്ദാഫ് ഏരിയക്കും സമീപമുള്ള സ്റ്റേഷനുകളും അടക്കം ഈ റൂട്ടിൽ ആറ് പ്രധാന സ്റ്റേഷനുകളാണുണ്ടാവുക.
ആദ്യത്തെ പാസഞ്ചർ സ്റ്റേഷൻ നഗരമധ്യത്തിലെ ഫുജൈറയിലെ സകാംകാമിൽ നിർമിക്കും. ഷാർജ യൂണിവേഴ്‌സിറ്റി സിറ്റിക്ക് സമീപം രണ്ടാമത്തെ പാസഞ്ചർ സ്റ്റേഷൻ നിർമിക്കുമെന്ന് ഇത്തിഹാദ് റെയിൽ 2024 മാർച്ചിൽ അറിയിച്ചു. അബുദാബിയിലെയും ദുബായിലെയും സ്റ്റേഷനുകൾക്കുള്ള കൃത്യമായ സ്ഥലങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദുബായ് സ്റ്റേഷൻ ജുമൈറ ഗോൾഫ് എസ്റ്റേറ്റുകൾക്ക് സമീപമായിരിക്കുമെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു.
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷന് സമീപത്തായി പ്രധാന പാസഞ്ചർ സ്റ്റേഷൻ നിലവിൽ നിർമാണത്തിലാണ്. അബുദാബിയിൽ, മുസഫ ഇൻഡസ്ട്രിയൽ ഏരിയയെയും മുഹമ്മദ് ബിൻ സായിദ് സിറ്റിയെയും വേർതിരിക്കുന്ന പൈപ്പ്‌ലൈൻ ഇടനാഴിയിലൂടെ, ദൽമ മാളിനും മുസഫ ബസ് സ്റ്റേഷനും ഇടയിൽ, ഫീനിക്‌സ് ആശുപത്രിയോട് ചേർന്നായിരിക്കും സ്റ്റേഷൻ എന്ന് പ്രതീക്ഷിക്കുന്നു.
ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പൂർണ ഇത്തിഹാദ് റെയിൽ പാസഞ്ചർ ശൃംഖല ഏകദേശം 1,200 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കും. അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിലെ അൽസില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെ ഇത് നീണ്ടുകിടക്കും. ശൃംഖലയിലെ പ്രധാന സ്റ്റോപ്പുകളിൽ അൽറുവൈസ്, അൽമിർഫ, ദുബായ്, ഷാർജ, അൽ ദൈദ്, അബുദാബി, റാസൽഖൈമ എന്നിവ ഉൾപ്പെടും. ഒമാനുമായി നെറ്റ്‌വർക്കിനെ ബന്ധിപ്പിക്കുക, പ്രാദേശിക കണക്റ്റിവിറ്റി കൂടുതൽ വികസിപ്പിക്കുക എന്നിവയാണ് ഭാവി പദ്ധതികൾ.
യു.എ.ഇയെയും ഒമാനെയും ട്രെയിനിൽ ബന്ധിപ്പിക്കുന്നതിനുള്ള ഹഫീത് റെയിൽ പദ്ധതി 2024-ൽ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. നിർമാണം ആരംഭിക്കാനായി ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഒമാനിലെ സൊഹാറിനെ അബുദാബിയിലെ അൽവത്ബയുമായി ബന്ധിപ്പിക്കുന്ന ഈ ക്രോസ്‌ബോർഡർ റെയിൽവേ 303 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും. ഇതിനെ യു.എ.ഇ നാഷണൽ റെയിൽ നെറ്റ്വർക്കുമായി ബന്ധിപ്പിക്കും. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ സുഗമമായ യാത്രയും ഗതാഗതവും സാധ്യമാക്കും.
ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് നിലവിലുള്ള ഗതാഗത ഓപ്ഷനുകളെ അപേക്ഷിച്ച് യാത്രാ സമയം 30 മുതൽ 40 ശതമാനം വരെ കുറക്കും. അബുദാബിദുബായ് യാത്രക്ക് 57 മിനിറ്റും അബുദാബിഅൽറുവൈസ് യാത്രക്ക് 70 മിനിറ്റും അബുദാബിഫുജൈറ യാത്രക്ക് 105 മിനിറ്റുമാണ് എടുക്കുകയെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു. വൈഫൈ, വിനോദ സംവിധാനങ്ങൾ, ചാർജിംഗ് പോയിന്റുകൾ, സുഖകരമായ യാത്രാനുഭവത്തിനായി വിവിധ ഭക്ഷണ പാനീയ ഓപ്ഷനുകൾ എന്നിവ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിക്കുന്ന ഓരോ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിലും 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാൻ കഴിയും.
ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാർക്ക് അവരുടെ നോൾ കാർഡുകൾ ഉപയോഗിക്കാൻ കഴിയും. ടിക്കറ്റ് ബുക്കിംഗും നിരക്ക് പേയ്‌മെന്റും നോൾ സിസ്റ്റവുമായി സംയോജിപ്പിക്കാനുള്ള ധാരണാപത്രത്തിൽ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ഇത്തിഹാദ് റെയിലും ഒപ്പുവെച്ചിട്ടുണ്ട്. യു.എ.ഇയിലുടനീളം റെയിൽ മാർഗം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏകീകൃതവും ഉപയോക്തൃസൗഹൃദവുമായ പേയ്‌മെന്റ് പരിഹാരം വാഗ്ദാനം ചെയ്യാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.