ദുബൈ– തെക്കന്‍ ദുബൈയിലെ ഏതാനും വീടുകള്‍ക്കു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാല് ഏഷ്യന്‍ പൗരന്മാര്‍ക്ക് നിസ്സാര പരിക്കേറ്റതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇന്നലെ രാത്രി ദുബൈയിലെ അല്‍ബിദ പ്രദേശത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ആള്‍താമസമില്ലാത്ത വീട്ടില്‍ അഗ്നിബാധയുണ്ടായിരുന്നു. ഈ വീടിന് സമീപമുണ്ടായിരുന്ന നാല് പേര്‍ക്ക് നിസ്സാര പരിക്കുകള്‍ സംഭവിച്ചു. അധികൃതര്‍ തീ നിയന്ത്രണവിധേയമാക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
വ്യോമ പ്രതിരോധ സംവിധാനം ഇന്ന് ഇറാനില്‍ നിന്ന് വിക്ഷേപിച്ച എട്ട് ബാലിസ്റ്റിക് മിസൈലുകള്‍, നാല് ക്രൂയിസ് മിസൈലുകള്‍, 36 ഡ്രോണുകള്‍ എന്നിവ തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂയിസ് മിസൈലുകളും 1,977 ഡ്രോണുകളും തകര്‍ത്തതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഈ ആക്രമണങ്ങള്‍ ദേശീയ കടമ നിര്‍വഹിക്കുന്നതിനിടെ സായുധ സേനയിലെ രണ്ട് അംഗങ്ങളുടെ രക്തസാക്ഷിത്വത്തിനും, സായുധ സേനയുമായി കരാര്‍ ഒപ്പിട്ട ഒരു മൊറോക്കന്‍ സിവിലിയന്റെ രക്തസാക്ഷിത്വത്തിനും, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫലസ്തീന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് പ്രവാസികളുടെ മരണത്തിനും കാരണമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 188 പേര്‍ക്ക് പരിക്കേറ്റു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കുകയും ദേശീയ താല്‍പ്പര്യങ്ങളും വിഭവങ്ങളും സംരക്ഷിക്കുകയും ചെയ്യുന്ന നിലക്ക്, ഏതൊരു ഭീഷണിയെയും നിശ്ചയദാര്‍ഢ്യത്തോടെ നേരിടാനും രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുക്കാനും പൂര്‍ണമായും സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.



